തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വികസിപ്പിച്ച സിന്ധുജ-1 തൂത്തുക്കുടി തീരത്ത് പരീക്ഷിച്ചപ്പോൾ
ചെന്നൈ: കടലിലെ തിരമാലയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചു. രണ്ടുവര്‍ഷത്തിനിടെ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനാകുമെന്നാണ് കരുതുന്നത്.
ഐ.ഐ.ടി.യിലെ ഓഷ്യന്‍ എന്‍ജിനിയറിങ് വിഭാഗം അധ്യാപകന് പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് തിരമാലകളിലെ ഗതികോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നതിന് സിന്ധുജ-1 എന്നുപേരിട്ട 'ഓഷ്യന്‍ വേവ് എനര്‍ജി കണ്‍വേര്‍ട്ടര്‍' നിര്‍മിച്ചത്.
തൂത്തുക്കുടി തീരത്തുനടന്ന പരീക്ഷണം വിജയമായിരുന്നെന്ന് ഐ.ഐ.ടി. അറിയിച്ചു. 7500 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ഇന്ത്യയില്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളതെന്ന് അബ്ദുസ്സമദ് പറഞ്ഞു.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പേടകവും അതിനു നടുവിലൂടെ കടന്നുപോകുന്ന ദണ്ഡും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ജനറേറ്ററുമാണ് സിന്ധുജയിലെ പ്രധാനഭാഗങ്ങള്‍. ദണ്ഡ് കടലിന്റെ അടിത്തട്ടില്‍ ഉറപ്പിക്കും. തിരമാല കടന്നുപോകുന്നതിനനുസരിച്ച് പേടകം ഉയരുകയും താഴുകയും ചെയ്യും. ഈ ചലനത്തെ കറക്കമാക്കിമാറ്റിയാണ് ജനറേറ്ററില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
തൂത്തുക്കുടി തീരത്തുനിന്ന് ആറുകിലോമീറ്റര്‍ അകലെ 20 മീറ്റര്‍ ആഴമുള്ള ഭാഗത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ സിന്ധുജ പ്രവര്‍ത്തിപ്പിച്ചത്. തിരമാലയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ നേരത്തേ നിലവിലുണ്ടെങ്കിലും ഇതുവഴി വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ കുറവാണ്. തുടക്കത്തില്‍ ദ്വീപസമൂഹങ്ങള്‍ക്കും കടല്‍ത്തീരത്തെ പരീക്ഷണ, നിരീക്ഷണ സംവിധാനങ്ങള്‍ക്കും വേണ്ട വൈദ്യുതി ഈരീതിയില്‍ ഉത്പാദിപ്പിക്കാനാവും. സിന്ധുജയുടെ മാതൃകയില്‍ കൂടുതല്‍ശേഷിയുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതോടെ ഈ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുമെന്ന് ഗവേഷകര്‍ പറയുന്നു.
Content Highlights: sindhuja project for make electricity from waves
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..