സ്വകാര്യതയുമായി ബന്ധപ്പെട്ട് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍ വാട്‌സാപ്പില്‍നിന്ന് സിഗ്നലിലേക്ക് ഉപയോക്താക്കള്‍ കൂട്ടമായി മാറാന്‍ തുടങ്ങിയതോടെ സിഗ്നല്‍ മെസേജിങ് ആപ്ലിക്കേഷന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇറാന്‍ ഭരണകൂടം. 

തിങ്കളാഴ്ച മുതലാണ് ഉപയോക്താക്കള്‍ക്ക് സിഗ്നലില്‍ പ്രവേശിക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. ഇറാന്‍ ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പ് നേരിടുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്നും സിഗ്നല്‍ ജനുവരി 26-ന് ട്വീറ്റ് ചെയ്തു. 

ഇറാനിയന്‍ ജനത സ്വകാര്യത അര്‍ഹിക്കുന്നുവെന്നും തങ്ങള്‍ കൈവിട്ടിട്ടില്ലെന്നും സിഗ്നല്‍ പറഞ്ഞു. വാട്‌സാപ്പുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ന്നതോടെ ആഗോള തലത്തില്‍ സിഗ്നല്‍ ആപ്പ് സ്റ്റോര്‍ ഡൗണ്‍ലോഡ് പട്ടികയില്‍ മുന്നിലാണ്. ഇറാനിലും അതേ പ്രവണത ആവര്‍ത്തിച്ചു. ഈ സാഹചര്യത്തിലാണ് സിഗ്നലിലേക്കുള്ള ട്രാഫിക്കില്‍ ഇറാന്‍ നിയന്ത്രണം കൊണ്ടുവന്നത്.  

ഇറാനിയന്‍ അധികൃതര്‍ സിഗ്നലിന് നേരെ തിരിയുന്നത് ഇത് ആദ്യമായല്ല. 2016-2017 കാലയളിവിലും ഇറാനില്‍ സിഗ്നല്‍ വിലക്ക് നേരിട്ടിരുന്നു. അന്ന് പക്ഷെ സിഗ്നലിന് ഇത്രയധികം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നില്ല. ഈ വിലക്ക് പിന്നീട് നീക്കുകയും ചെയ്തു. 2017-18 കാലത്തുണ്ടായ പ്രതിഷേധ സമരങ്ങള്‍ക്കിടെ ഇറാനിയന്‍ ജനത സുരക്ഷിത ആശയവിനിമയത്തിനായി സിഗ്നല്‍ ഉപയോഗിച്ചിരുന്നു.

ടെലഗ്രാം, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്കും ഇറാനില്‍ വിലക്കുണ്ട്. 2018 ലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെയാണ് ടെലഗ്രാമിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും മാത്രമാണ് ഇപ്പോള്‍ ഇറാനില്‍ ബ്ലോക്ക് ചെയ്യപ്പെടാത്ത വിദേശ സോഷ്യല്‍മീഡിയാ സേവനങ്ങള്‍. 

സിഗ്നല്‍ ബ്ലോക്ക് ചെയ്യുകയും വാട്‌സാപ്പിന് വിലക്കേര്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നത് ഇറാനിയന്‍ ഭരണകൂടത്തിന് ഏതെങ്കിലും രീതിയില്‍ വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങളിലേക്ക് പ്രവേശനമുണ്ടാകാമെന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അഭ്യൂഹത്തിന് തെളിവില്ല. ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനോ വിവര കൈമാറ്റത്തിന് ഫെയ്‌സ്ബുക്കുമായി സഹകരണമുണ്ടാക്കാനോ ഇറാനിയന്‍ അധികൃതര്‍ക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

എന്തായാലും ഇന്റര്‍നെറ്റില്‍ ഒരുപാട് വിലക്കുകള്‍ നേരിടുന്ന ഇറാനിയന്‍ ജനത വിപിഎന്‍ സേവനങ്ങളെ വ്യാപകമായി ആശ്രയിച്ചു വരുന്നുണ്ട്. നിരോധിക്കപ്പെട്ട പല സേവനങ്ങളും വിപിഎന്‍ വഴി അവര്‍ ഉപയോഗിക്കുന്നുമുണ്ട്. 

Content Highlights: signal blocked in iran amid whatsApp exodus