ക്വാലാലംപുർ: ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ നിയമങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്ന മൊബൈല്‍ ബ്രൗസറുമായി മലേഷ്യല്‍ സ്റ്റാര്‍ട്ട് അപ്പ്. സലാം വെബ്് എന്നാണ് ഇതിന് പേര്. സന്ദേശം അയക്കല്‍, വാര്‍ത്തകള്‍ അറിയല്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ബ്രൗസറില്‍ ലഭ്യമാണ്. ശരിയത്ത് നിയമങ്ങള്‍ അനുസരിക്കുന്ന ബ്രൗസിങ് അനുഭവമാണ് ഈ ബ്രൗസര്‍ നല്‍കുക. 

സലാം വെബ്. കോം എന്നാണ് ഈ ബ്രൗസറിന്റെ യുആര്‍എല്‍. നമസ്‌കരിക്കാനുള്ള ദിക്ക് അറിയുന്നതിനുള്ള ഖിബില കോമ്പസ്, നമസ്‌കാര സമയം, ദൈനം ദിന വചനങ്ങള്‍ പോലെയുള്ള ഇസ്ലാമികമായ സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. 

മൊബൈല്‍ ബ്രൗസര്‍ ആപ്പില്‍ 'സലാം പ്രൊട്ടക്റ്റ്' ഫീച്ചര്‍ ഉണ്ട്. ഇസ്ലാമിക നിയമം അനുസരിച്ച് ഒഴിവാക്കപ്പെടേണ്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ബ്രൗസര്‍ ഫില്‍റ്റര്‍ ആണിത്. ഇസ്ലാമിക  വിശ്വാസികള്‍ക്ക് അനുയോജ്യമായ ഉള്ളടക്കം മാത്രം പ്രദര്‍ശിപ്പിക്കുകയും ഒഴിവാക്കേണ്ടവ ചൂണ്ടിക്കാണിച്ചു തരികയുമാണ് സലാം പ്രൊട്ടക്റ്റ് ഫീച്ചര്‍ ചെയ്യുക.

ഇസ്ലാമില്‍ നിഷിദ്ധമായ കാര്യങ്ങള്‍ തിരഞ്ഞാല്‍ അത് ദോഷകരമായ ഉള്ളടക്കമാണെന്ന മുന്നറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കും. തുടര്‍ന്നും മുന്നോട്ട് പോയാല്‍ സെര്‍ച്ച് റിസല്‍ട്ട് ബ്രൗസര്‍ ഫില്‍റ്റര്‍ ചെയ്യും. പോണ്‍ ലിങ്കുകള്‍ക്ക് പകരം പോണ്‍ കുറ്റകരവും ദോഷകരവുമാണെന്ന് പറയുന്ന ലിങ്കുകളാണ് ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷമാവുക.

അശ്ലീലവെബ്‌സൈറ്റുകള്‍, ചൂതാട്ട വെബ്‌സൈറ്റുകള്‍ എന്നിവ ബ്രൗസറില്‍ നിന്നും വിലക്കുന്നുണ്ട്. എന്നാല്‍ ഈ ഫില്‍റ്റര്‍ പൂര്‍ണമായും ഫലപ്രദമല്ല എന്ന് ഉപയോഗിച്ചുനോക്കുമ്പോള്‍ കാണാം. അതേസമയം  ദോഷകരമായ ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും സലാം വെബ് ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്.

ontent Highlights: Sharia-Compliant mobile browser SalamWeb for Muslims