ലൈംഗികതയിലും അത്യാധുനിക സാങ്കേതികവിദ്യ; 'സെക്‌സ് ടെക്ക്' മനുഷ്യന് വിനയാകുമോ?


By ഷിനോയ് മുകുന്ദന്‍

7 min read
Read later
Print
Share

മനുഷ്യരായ ലൈംഗിക പങ്കാളി എന്ന ആശയത്തോട് താല്‍പര്യമില്ലാത്ത ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം രൂപപ്പെടുമെന്നാണ് സെക്‌സ് ടെക്ക് വ്യാപകമാകുന്നൊരു കാലത്തെ പ്രശ്‌നമായി വിദഗ്ദര്‍ പ്രതീക്ഷിക്കുന്നത്. ഇതൊരു പക്ഷെ സ്വാഭാവിക പ്രത്യുല്പാദനത്തെ വലിയ രീതിയില്‍ ബാധിക്കാമെന്നും വിലയിരുത്തപ്പെടുന്നു. 

പ്രതീകാത്മക ചിത്രം

ശാസ്ത്രസാങ്കേതിക രംഗത്ത് ലോകം അമ്പരപ്പിക്കും വിധം വളര്‍ച്ച കൈവരിച്ചിരിക്കുന്നു. ചാറ്റ് ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ നമ്മളെ അമ്പരപ്പിക്കുകയാണ്. ഓരോ പുതിയ മുന്നേറ്റങ്ങളും ഡിജിറ്റല്‍ യുഗത്തില്‍ ഉണ്ടാക്കുന്ന പ്രഭാവം ചില്ലറയല്ല. മറ്റേതൊരു സാങ്കേതിക വിദ്യയെയും പോലെ കാലത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുകയും അത്ഭുതകരമായ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മേഖലയാണ് സെക്സ് ടെക്നോളജി (സെക്സ് ടെക്ക്) രംഗം.

ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യാതൊരു മടിയുമില്ലെങ്കിലും ലൈംഗികാസ്വാദനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നതിന് ആളുകള്‍ക്ക് പൊതുവില്‍ മടിയുണ്ട്. ഈ മനോഭാവം തന്നെയാണ് സെക്സ് ടെക്ക് മേഖലയെ കുറിച്ചുമുള്ളത്.

സാമ്പത്തിക രംഗത്തെ കേന്ദ്രീകരിച്ചുള്ള ഫിന്‍ടെക്ക് (Fintech), വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള എഡ് ടെക്ക് (Edtech), ആരോഗ്യരംഗം കേന്ദ്രീകരിച്ചുള്ള ഹെല്‍ത്ത് ടെക്ക് തുടങ്ങി സാങ്കേതിക വിദ്യാ രംഗത്ത് വിവിധ ശാഖകളുണ്ട്. അതിലൊന്നുതന്നെയാണ് സെക്സ് ടെക്ക്.

പേര് സൂചിപ്പിക്കും പോലെ തന്നെ മനുഷ്യന്റെ ലൈംഗികാരോഗ്യവും ലൈംഗികാസ്വാദനവും ലക്ഷ്യമിട്ടാണ് ഈ മേഖല പ്രവര്‍ത്തിക്കുന്നത്. ഈ മേഖല എത്രത്തോളം വളര്‍ച്ചപ്രാപിച്ചിട്ടുണ്ട്, അതിന്റെ സ്വീകാര്യത എത്രത്തോളമുണ്ട്,പ്രശ്നങ്ങളും വെല്ലുവിളികളുമെന്താണ് എന്നെല്ലാം പരിശോധിക്കാം.

എന്താണ് സെക്സ് ടെക്ക് ?

മനുഷ്യന്റെ ലൈംഗികത, ലൈംഗികാരോഗ്യം, ആസ്വാദനം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളേയും സാങ്കേതിക വിദ്യാ സംരംഭങ്ങളേയും നൂതനാശയങ്ങളേയുമാണ് സെക്സ് ടെക്ക് എന്ന വാക്ക് പ്രതിനിധീകരിക്കുന്നത്. ലൈംഗികാരോഗ്യം, ലൈംഗികാസ്വാദനം എന്നിവയില്‍ സാങ്കേതിക വിദ്യയുടെ വിവിധ പ്രായോഗികതകള്‍ അന്വേഷിക്കുകയാണ് സെക്സ് ടെക്ക് രംഗം.

ലൈംഗികത ആസ്വദിക്കുന്നതിനുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുക, യന്ത്രങ്ങള്‍ നിര്‍മിക്കുക, റോബോട്ടുകള്‍ നിര്‍മിക്കുക, ലൈംഗിക പങ്കാളികളെ കണ്ടെത്താനുള്ള പുതിയ വഴികള്‍ കണ്ടെത്തുക, പോണോഗ്രഫി വെബ്സൈറ്റുകള്‍ തുടങ്ങിയഉദ്ദേശ്യങ്ങളോടെയാണ് ഈ മേഖലയുടെ പ്രവര്‍ത്തനം. ഏകദേശം 3000 കോടി ഡോളര്‍ മൂല്യമുള്ള വ്യവസായ മേഖലകൂടിയാണിത്.

സെക്സ് ടെക്ക് രംഗം എവിടെ എത്തി നില്‍ക്കുന്നു

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ, ആഗോളതലത്തില്‍ സാങ്കേതിക വിദ്യാ രംഗത്തുണ്ടാകുന്ന പുതിയ കണ്ടുപിടുത്തങ്ങളും ആശയങ്ങളും മറ്റെല്ലാ മേഖലയെയും പോലെ സെക്സ് ടെക്ക് രംഗത്തെയും തത്സമയം സ്വാധീനിക്കുന്നുണ്ട്. അതായത് ഇന്ന് സാങ്കേതിക വിദ്യ എവിടെ എത്തി നില്‍ക്കുന്നുവോ അത്രത്തോളം തന്നെ വികാസം സെക്സ് ടെക്ക് രംഗവും കൈവരിച്ചിരിക്കുന്നു. അത്യാധുനിക എഐ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പടെ ഈ മേഖലയില്‍ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞു.

ആരോഗ്യ വിദഗ്ധരും, സെക്സ് എക്സ്പേര്‍ട്ടുകളും എഞ്ചിനീയര്‍മാരുമെല്ലാം ഡിസൈനര്‍മാരും കലാകാരന്മാരുമെല്ലാം അടങ്ങുന്ന സംഘമാണ് ഇന്ന് വിപണിയില്‍ ലഭ്യമായ സെക്സ് ഉല്‍പന്നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ജാപ്പനീസ് സെക്‌സ് ഡോള്‍ നിര്‍മാതാക്കളായ ഓറിയന്റെ ഇന്‍ഡസ്ട്രി നിര്‍മിച്ച ജീവന്‍ തുടിക്കുന്ന ലവ് ഡോളുകളിലൊന്ന്. | Photo: Gettyimages

ജീവന്‍ തുടിക്കുന്ന സെക്‌സ് ഡോളുകളും ഈ രംഗത്ത് നിര്‍മിക്കപ്പെടുന്നുണ്ട്. മുഖവും വിരലുകളും ലൈംഗികാവയവങ്ങളും ഉള്‍പ്പടെ സ്ത്രീയുടെയും പുരുഷന്റെയും രൂപം അതേപടി വാര്‍ത്തെടുക്കും വിധമാണ് ഇത്തരം സെക്‌സ് ഡോളുകള്‍ നിര്‍മിക്കപ്പെടുന്നത്. ലോകത്തെവിടെയിരുന്നും നിയന്ത്രിക്കാനാവുന്ന സെക്സ് ടോയ്കളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് സെന്‍സിന്റെ ഉല്പന്നങ്ങള്‍ അതിലൊന്നാണ്. സര്‍ജിക്കല്‍ ഗ്രേഡ് സിലിക്കണ്‍ ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവയില്‍ പലതിന്റെയും നിര്‍മാണം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഈ രംഗത്ത് പരീക്ഷിക്കപ്പെടുന്നുണ്ട്.

ലൈംഗികത ആസ്വദിക്കാനുമുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം തന്നെ മനുഷ്യര്‍ തമ്മിലുള്ള ലൈംഗികത പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഡേറ്റിങ് ആപ്പുകളും, പോണ്‍ വെബ്സൈറ്റുകളും, സെക്സ് ലൈവ് സ്ട്രീമിങ് വെബ്സൈറ്റുകളുമെല്ലാം ഈ മേഖലയില്‍ ഉള്‍പ്പെടുന്നവയാണ്.

ഒരു വ്യക്തിയുടെ തീര്‍ത്തും സ്വകാര്യമായ വ്യക്തിപരമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സെക്സ് ടെക്ക് ഉല്പന്നങ്ങള്‍ ലക്ഷ്യമിടുന്നത്. സ്ത്രീക്കും പുരുഷനും ദമ്പതികള്‍ക്കുമെല്ലാം വേണ്ടിയുള്ള വിവിധ ഉല്‍പന്നങ്ങള്‍ വിപണിയിലിറങ്ങുന്നുണ്ട്.

Photo: Gettyimages

2019 ല്‍ സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട കണക്കനുസരിച്ച് യുഎസിലെ 27 ശതമാനം പ്രായപൂര്‍ത്തിയായവരും സെക്സ് ടോയ്കള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ പുരുഷന്മാരേക്കാള്‍ കൂടുതലുള്ളത് സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങളാണ് ഈ രംഗത്ത് കൂടുതല്‍ പുറത്തിറങ്ങുന്നതും. 2020 ലെ കണക്കനുസരിച്ച് സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനം പേര്‍ ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നവരാണ്.

രണ്ട് വനിതകള്‍ തുടക്കമിട്ട ഡേം (Dame), സ്മൈല്‍ മേക്കേഴ്സ്, അണ്‍ബൗണ്ട്, മോഡ് (Maude), ലവ് സെന്‍സ് തുടങ്ങി അനേകം ബ്രാന്‍ഡുകള്‍ സെക്സ് ടെക്ക് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ മ്യൂസ് എന്ന ഇന്ത്യന്‍ കമ്പനി ഈ രംഗത്തെ ഇന്ത്യയില്‍ നിന്നുള്ള ചുരുക്കം ചില പ്രതിനിധികളില്‍ ഒന്നാണ്.

ഇതൊരു ആവശ്യകതയോ?

സമൂഹം സെക്സിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് സെക്സ് സാങ്കേതിക വിദ്യകളുടെയും സ്വീകാര്യതയും പ്രാധാന്യവും തീരുമാനിക്കാനാവുക. വിവിധ ലൈംഗിക താല്‍പര്യങ്ങളോട് തുറന്ന സമീപനം സ്വീകരിക്കുന്ന സമൂഹങ്ങളിലും ആളുകള്‍ക്കിടയിലും ഈ മേഖലയ്ക്ക് അംഗീകാരം ലഭിക്കാറുണ്ട്. ലൈംഗികതയോട് യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന രാജ്യങ്ങളും ജനവിഭാഗങ്ങളും ഈ സാങ്കേതിക വിദ്യാ മേഖലയെ അകറ്റി നിര്‍ത്തുകയാണ് ചെയ്യാറ്.

സെക്സിനെ കുറിച്ച് മനുഷ്യര്‍ വെച്ച് പുലര്‍ത്തുന്ന വിരുദ്ധാഭിപ്രായങ്ങള്‍ സെക്സ് ടെക്ക് രംഗത്തെ കുറിച്ചുമുണ്ട്. ഓരോ സമൂഹത്തിന്റെയും സംസ്‌കാരം, അവര്‍ പുലര്‍ത്തിവരുന്ന സാമൂഹിക മൂല്യങ്ങള്‍, ധാര്‍മികതകള്‍ എന്നിവയെല്ലാം ലൈംഗികതയിലെ സാങ്കേതിക വിദ്യാ പ്രവേശനത്തെ കുറിച്ച് വ്യത്യസ്ത താല്പര്യങ്ങള്‍ക്കിടയാക്കുന്നു.

എങ്കിലും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ സെക്സ് ടെക്നോളജിക്ക് വലിയ പ്രാധാന്യവും സ്വാധീനവുമുണ്ടെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ ഒരഭിപ്രായം. ലൈംഗിക പങ്കാളികളെ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ ആപ്പുകളും, സെക്സ് ടോയ്കളും, സെക്സ് ഡോളുകളും മറ്റും ഒരു വ്യക്തിയുടെ കിടപ്പുമുറിയിലെ സ്വകാര്യതയില്‍ അവരുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.

ജാപ്പനീസ് സെക്‌സ് ഡോള്‍ നിര്‍മാതാക്കളായ ഓറിയന്റെ ഇന്‍ഡസ്ട്രി നിര്‍മിച്ച 'ലവ് ഡോള്‍' | Photo: Gettyimages

സെക്സ് ടോയ്കള്‍ പോലുള്ളവ സുരക്ഷിതമായ ലൈംഗികാസ്വാദനം ഉറപ്പുനല്‍കുന്നതായതിനാല്‍ ഇത് സ്ത്രീസൗഹൃദമാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സെക്സ് ടെക്കിന്റെ സഹായത്തോടെ മനുഷ്യരുടെ ഏകാന്തത അകറ്റാനാവുമെന്നും മെച്ചപ്പെട്ട ലൈംഗികത ആസ്വദിക്കാനാവുമെന്നും ഈ മേഖലയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഇതിനെല്ലാം പുറമെ, ലൈംഗിക പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, ലൈംഗിക അസഹിഷ്ണുത പോലുള്ളവ കുറയ്ക്കാനും ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായിക്കുമെന്നും വാദമുണ്ട്.

ലൈംഗിക രോഗങ്ങള്‍, ഗര്‍ഭം ധരിക്കാനുള്ള സാധ്യത എന്നിവയെ കുറിച്ചുള്ള ആശങ്കയും വേണ്ട. സന്തോഷകരമായ വിവാഹബന്ധമില്ലാത്തവര്‍, വിവാഹ/പ്രണയബന്ധങ്ങള്‍ തകര്‍ന്നവര്‍, പങ്കാളികള്‍ ഇല്ലാത്തവര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ തുടങ്ങി പലര്‍ക്കും പ്രയോജനപ്പെടുകയും ചെയ്യും. എങ്കിലും ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരും ഒറ്റയ്ക്ക് താമസിക്കുന്നരും മാത്രമല്ല. ദമ്പതികളും ഇത്തരം ടോയ്കള്‍ പരസ്പര താല്‍പര്യത്തോടെ ഉപയോഗിക്കുന്നുമുണ്ട്. ലൈംഗികതയെകുറിച്ച് വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടുകള്‍ മാറ്റിമറിയ്ക്കാന്‍ ഈ സാങ്കേതിക വിദ്യക്കാവുമെന്നാണ് വിലയിരുത്തല്‍.

സെക്സ് സാങ്കേതിക രംഗം ഇന്ത്യയില്‍

മറ്റുപല രാജ്യങ്ങളിലെയുംപോലെ ഇന്ത്യയിലും പരസ്യമായി അംഗീകരിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു മേഖല അല്ല സെക്സ് സാങ്കേതിക വിദ്യാ രംഗം. ലൈംഗികതയെ കുറിച്ച് പരസ്യമായി സംസാരിക്കാന്‍ പോലും തയ്യാറാകാത്ത ഇന്ത്യയില്‍ പൊതുവേ ഇതിനോട് അയ്യേ മനോഭാവമാണ്. ലൈംഗികതയെ കുറിച്ച് ഇന്ത്യന്‍ ജനത സാംസ്‌കാരികമായി വെച്ചുപുലര്‍ത്തുന്ന ചില കാഴ്ചപ്പാടുകളും ധാരണകളും സെക്സ് ടെക്ക് കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിനും സ്വീകാര്യത ലഭിക്കുന്നതിനും തടസമാകുന്നുണ്ട്. മാത്രവുമല്ല ഇന്ത്യയുടെ നിയമവും സെക്സ് സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കും വിധമല്ല.

ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 292 പ്രകാരം അശ്ലീല ഉള്ളടക്കമുളള പുസ്തകങ്ങള്‍, എഴുത്തുകള്‍, ലഘുലേഖകള്‍, ചിത്രങ്ങള്‍, രൂപങ്ങള്‍ തുടങ്ങിയവയുടെ പരസ്യ പ്രദര്‍ശനവും വില്‍പനയും വിതരണവും രാജ്യത്ത് കുറ്റകരമാണ്.

എങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും കണക്കിലെടുത്തുള്ള ഇളവുകള്‍ ഇതിലുണ്ട്. രാജ്യത്തെ സെക്സ് സാങ്കേതിക വിദ്യാ രംഗത്തിന് തടസമായി നില്‍ക്കുന്നതും ഈ നിയമമാണ്. കാരണം അശ്ലീല വസ്തുക്കളുടെ ഗണത്തില്‍ സെക്സ് ടോയ്കളെയും മറ്റ് ഉല്പന്നങ്ങളെയും ഉള്‍പ്പെടുത്താനാവും. എന്നാല്‍ സെക്സ് ടോയ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നതായി നിയമം പ്രത്യേകം പരാമര്‍ശിക്കുന്നില്ല. ഈ പഴുത് പ്രയോജനപ്പെടുത്തിയാണ് ചെറുതായെങ്കിലും ഇന്ത്യയില്‍ സെക്സ് ടോയ്കളുടെ വില്‍പനയും ഉല്പാദനവും നടക്കുന്നത്.

Photo: Gettyimages

പോണോഗ്രഫി വെബ്സൈറ്റുകള്‍ ഇന്ത്യന്‍ ടെലികോം നെറ്റ് വര്‍ക്കില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പോണേഗ്രഫി ഉള്ളടക്കങ്ങളുടെ നിര്‍മാണത്തിനും ഇന്ത്യയില്‍ നിയമപരമായി വിലക്കുണ്ട്. ഇതിനര്‍ഥം ഇന്ത്യയില്‍ സെക്സ് ടോയ്കളും മറ്റ് സെക്ഷ്വല്‍ വെല്‍നെസ് ഉല്‍പന്നങ്ങളും ലഭ്യമല്ല എന്നല്ല. ഇന്ത്യയില്‍ സെക്സ് ടോയ്കള്‍ വില്‍ക്കപ്പെടുന്നുണ്ട്. ഓണ്‍ലൈന്‍ ആയും ചില ചെറുകിട വില്‍പനക്കാര്‍ വഴിയുമെല്ലാം അവ നമ്മുടെ രാജ്യത്ത് ലഭ്യമാണ്. മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ ചില സെക്സ് ടെക്ക് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യന്‍ സെക്സ് ടോയ് വില്‍പനക്കാരായ ദാറ്റ് പേഴ്സണല്‍.കോം നടത്തിയ സര്‍വേയില്‍ പ്രതികരിച്ചവരില്‍ 62 ശതമാനം പേരും സെക്സ് ടോയ്കള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ പുരുഷന്മാരേക്കാള്‍ കൂടുതലാണ് സ്ത്രീകള്‍. വൈബ്രേറ്ററുകള്‍, ഡില്‍ഡോകള്‍ പോലുള്ളവയാണ് ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സെക്സ് ടോയ്കള്‍. പോണ്‍ വെബ്സൈറ്റുകള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നവരില്‍ മൂന്നാമതാണ് ഇന്ത്യക്കാര്‍.

സെക്സ് ടെക്കും മാനസികാരോഗ്യവും

സെക്സ് ടെക്കിന്റെ പ്രയോജനങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം തന്നെ അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സെക്സ് ടോയ്കളുടെ ഉപയോഗം മനുഷ്യരിലെ ആശങ്ക, മാനസിക സമ്മര്‍ദ്ദം, ഏകാന്തത പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നവയാണെന്നാണ് സ്വയംഭോഗ ഉപകരണങ്ങളെ പിന്തുണയ്ക്കുന്നവരുടെ വാദം.

അത് ഒരു പരിധിവരെ ശരിയാണെന്നാണ് മനഃശാസ്ത്രജ്ഞരും പറയുന്നത്. ലൈംഗികത അടിച്ചമര്‍ത്തപ്പെടുന്നത് മനുഷ്യരിലെ ദേഷ്യം, വിരസത, നിരാശ പോലുള്ള പല പെരുമാറ്റ പ്രശ്നങ്ങളിലേക്കും വഴിവെക്കാറുണ്ട്. ഇതിന് പുറമെ ദൈനംദിനം ആളുകള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, ആശങ്ക പോലുള്ള പ്രശ്നങ്ങളും വേറെ. ഇവയെ എല്ലാം ലൈംഗിക വികാരത്തിലേക്ക് വഴിതിരിച്ചുവിടാനും അതുവഴി ആശ്വാസം നേടാനും സാധിക്കും. അതിന് സ്വയം ഭോഗമോ, പങ്കാളിയുമൊത്തുള്ള ലൈംഗികതയോ എന്തുമാവാം. ലൈംഗിക വികാരത്തെ അടിച്ചമര്‍ത്തുന്നതിന് പകരം സ്വകാര്യതയില്‍ അത് പുതിയ രീതിയില്‍ ആസ്വദിക്കാന്‍ സഹായിക്കുകയാണ് സെക്സ് ടോയ്കള്‍ പോലുള്ളവ ചെയ്യുന്നത്. ഈ രീതിയിലാണ് സെക്സ് ടെക്ക് വ്യവസായ മേഖലയുടെ പ്രചാരണവും.

ഒരു പരിധിവരെ മനുഷ്യരിലെ മാനസിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇത്തരം സാങ്കേതിക വിദ്യകള്‍ സഹായമാണെന്നാണ് കൊച്ചിയില്‍ നിന്നുള്ള ഒരു മനശാസ്ത്ര വിദഗ്ധ അഭിപ്രായപ്പെടുന്നത്.

മനുഷ്യനിലെ ലൈംഗിക താല്‍പര്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നത് പല സാഹചര്യങ്ങളിലാണ്. വിവാഹബന്ധം വേര്‍പെടുന്നത്, ജീവിത പങ്കാളിയ്ക്ക് ലൈംഗിക താല്‍പര്യക്കുറവ്, ജോലി ആവശ്യത്തിനും മറ്റുമായി രണ്ടിടങ്ങളില്‍ കഴിയുന്ന ദമ്പതികള്‍, പഠിച്ച് തൊഴില്‍ കണ്ടെത്തിയതിന് ശേഷം മാത്രം മറ്റൊരാളുമൊത്തുള്ള ബന്ധം ആഗ്രഹിക്കുന്നവര്‍ പോലുള്ളവര്‍ക്ക് തങ്ങളുടെ ലൈംഗികമായ ആഗ്രഹങ്ങളെ സ്വയം തൃപ്തിപ്പെടുത്തേണ്ടതായി വരും.

ഇതോടൊപ്പം തന്നെ, ലിംഗ സമത്വം, സ്വാതന്ത്ര്യം പോലുള്ള എന്ന ഘടകങ്ങളും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്. സ്ത്രീപുരുഷ ബന്ധത്തില്‍ പലപ്പോഴും പുരുഷനാണ് ആധിപത്യം ലഭിക്കുന്നതും സംതൃപ്തി ലഭിക്കുന്നതും. ഇത് മൂലം സ്ത്രീകളുടെ ലൈംഗിക ചോദനകള്‍ അടിച്ചമര്‍ത്തപ്പെടുകയും അവര്‍ക്ക് അസംതൃപ്തി നേരിടേണ്ടി വരികയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ലൈംഗികതയില്‍ സ്ത്രീകള്‍ മാത്രമാണ് ഏക 'ടൂള്‍' എന്ന ചിന്താഗതിയാണ് പൊതുവില്‍. വിവിധ ലിംഗത്തില്‍ പെട്ടവര്‍ വ്യത്യസ്തങ്ങളായ സെക്സ് ടോയ്കള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ സ്ത്രീ മാത്രമാണ് ലൈംഗികാസ്വാദനത്തിനുള്ള ടൂള്‍ എന്ന കാഴ്ചപ്പാടിന് മാറ്റം വന്നേക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ആസക്തി, സ്ത്രീപുരുഷ ബന്ധം, പ്രത്യുല്പാദനം എന്നിവയോടുള്ള താല്‍പര്യമില്ലായ്മ

ലൈംഗികതയ്ക്കായി റോബോട്ടുകളേയും യന്ത്രങ്ങളേയും മറ്റും ആശ്രയിക്കുന്ന സമൂഹത്തില്‍ ഈ പ്രശ്നങ്ങള്‍ക്കും വലിയ സാധ്യതയുണ്ടെന്നും മനഃശാസ്ത്ര
വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മനുഷ്യന്‍ വളരെ എളുപ്പം ആസക്തരാവാന്‍ സാധ്യതയുള്ള ഒന്നാണ് ലൈംഗികത. സെക്സ് ടെക്ക് രംഗം വലിയൊരു വ്യവസായ മേഖലയായി വളര്‍ന്നാല്‍, സ്വീകാര്യത നേടിയെടുത്താല്‍, അത് കൂടുതല്‍ ആളുകളിലേക്ക് എത്തും. സാധാരണമാവും.

Harmony Sexdoll Created by Realbotix | Photo: Screengrab from CNET video

സ്വയം ഭോഗം, പോണോഗ്രഫി പോലുള്ളവയിലെ ആസക്തി ഇതിനകം പലര്‍ക്കും വലിയ പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. അതിനൊപ്പം തന്നെയാണ് സെക്സ് ടെക്ക് ടോയ്കളോടുള്ള ആസക്തിയും. പ്രശ്‌നങ്ങളെ വളരെ എളുപ്പം ലൈംഗിക വികാരത്തിലേക്ക് വഴിതിരിച്ചുവിടാം എന്നതിനാല്‍ പലരും ആ വഴി തിരഞ്ഞെടുക്കുകയാണ് ചെയ്യുക. എന്നാല്‍ അത് താല്‍കാലികമായൊരു തോന്നലാണെന്ന് മനഃശാസ്ത്ര വിദഗ്ദര്‍ പറയുന്നു. ഇത് പതിയെ ആസക്തിയിലേക്ക് നീങ്ങുകയും സാമൂഹ്യ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തിനും തന്നിലേക്ക് തന്നെ ചുരുങ്ങിപ്പോകുന്നതിനും ഇടയാക്കുന്നു. ഇവയുടെ ഉപയോഗ ശേഷം ഉണ്ടാകാവുന്ന കുറ്റബോധം പല രീതിയിലാണ് ആളുകളെ ബാധിക്കുന്നത്. അങ്ങനെ ഒരു ആസക്തി എല്ലാവരിലും ഉണ്ടാകുമെന്നല്ല. ഓരോരുത്തരുടേയും സാഹചര്യങ്ങള്‍ക്കനുസരിച്ചിരിക്കും അത്.

മനുഷ്യരായ ലൈംഗിക പങ്കാളി എന്ന ആശയത്തോട് താല്‍പര്യമില്ലാത്ത ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം രൂപപ്പെടുമെന്നാണ് സെക്‌സ് ടെക്ക് വ്യാപകമാകുന്നൊരു കാലത്തെ പ്രശ്‌നമായി വിദഗ്ദര്‍ പ്രതീക്ഷിക്കുന്നത്. ഇതൊരു പക്ഷെ സ്വാഭാവിക പ്രത്യുല്പാദനത്തെ വലിയ രീതിയില്‍ ബാധിക്കാമെന്നും വിലയിരുത്തപ്പെടുന്നു.

നിര്‍മിത ബുദ്ധി വികാസം പ്രാപിക്കുന്നതോടെ ആളുകളോട് മനുഷ്യസമാനമായി സംവദിക്കാനാകുന്ന സെക്‌സ് റോബോട്ടുകള്‍ വികാസം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ അത്തരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. റിയല്‍ബോട്ടിക്‌സിന്റെ 'ഹാര്‍മണി' എന്ന സെക്‌സ്‌ഡോള്‍ അതിന് ഉദാഹരണമാണ്. ഓഫീസ് ജോലികളില്‍ സഹായിക്കാന്‍, വീട്ടു ജോലികള്‍ ചെയ്യാന്‍, എന്നത് പോലെ ലൈംഗിക പങ്കാളിയായും കാമുകനായും കാമുകിയായുമെല്ലാം സെക്‌സ് ടോയ്കളും, റോബോട്ടുകളും എഐയുമെല്ലാം മാറിയേക്കാം. ഇതും ഒരു പ്രശ്‌നമായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചാറ്റ് ജിപിടിയെ കുറിച്ച് ഉയരുന്നത്ര ചര്‍ച്ചകള്‍ ഇവിടെ ഉണ്ടാകുന്നില്ലെങ്കിലും, എതിര്‍പ്പുകള്‍ എത്രതന്നെ ഉയര്‍ന്നാലും സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പമുളള സെക്‌സ് ടെക് മേഖലയുടെ വികാസം ഒരിക്കലും തടയാനാകില്ലെന്നാണ് മനഃശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

Content Highlights: sex technology development impacts, artificial intelligence

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
telecos

2 min

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍; കണക്ഷന്‍ നിലനിര്‍ത്താന്‍ പറ്റിയ നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ 

May 27, 2023


hacker

2 min

ആന്‍ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് പുതിയ മാല്‍വെയര്‍; മുന്നറിയിപ്പുമായി സിഇആര്‍ടി-ഇന്‍

May 27, 2023


C Space OTT

1 min

സര്‍ക്കാര്‍ ഒ.ടി.ടി. 'സി സ്‌പേസ് ' കേരളപ്പിറവിയില്‍

May 19, 2022

Most Commented