ചൊവ്വയിലേക്ക് പറക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് വരാം. എന്നാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും എളുപ്പമുള്ളൊരു കാര്യമുണ്ട്. നിങ്ങളുടെ പേര് ചൊവ്വയിലേക്ക് അയക്കാം. 2020 ല്‍ വിക്ഷേപിക്കാനിരിക്കുന്ന മാര്‍സ് റോവറില്‍ നിങ്ങളുടെ പേരും ചൊവ്വയിലേക്ക് അയക്കാന്‍ അവസരം ഒരുക്കുകയാണ് നാസ.  

ഇതിനായി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒരു ബോര്‍ഡിങ് പാസും നാസ നല്‍കും. രജിസ്റ്റര്‍ ചെയ്യുന്ന പേരുകള്‍ ഒരു മൈക്രോ ചിപ്പിലാക്കി ചൊവ്വയിലേക്കുള്ള റോവറിനൊപ്പം അയക്കുമെന്ന് നാസ പറയുന്നു. 2020 ല്‍ വിക്ഷേപിക്കുന്ന റോവര്‍ 2021 ലാണ് ചൊവ്വയിലെത്തുക. 20 ദിവസത്തിനുള്ളില്‍ ബോര്‍ഡിങ് പാസ് എടുക്കണമെന്നും നാസ പറഞ്ഞു. 

ചൊവ്വയിലെ സൂക്ഷ്മ ജീവ സാധ്യതകള്‍ പരിശോധിക്കുകയാണ് റോവറിന്റെ ലക്ഷ്യം. അവിടത്തെ കാലാവസ്ഥയും ഭൂമിശാസ്ത്രവും പഠിക്കുകയും ഭാവിയില്‍ ഭൂമിയിലേക്ക് തിരികെയെത്താനായാല്‍ കൊണ്ടുവരാനുള്ള സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. 

2020 ജൂലായ് 17 നാണ് മാര്‍സ് റോവര്‍ 2020 വിക്ഷേപിക്കുക. 2021 ഫെബ്രുവരി 18 ന് ഇത് ചൊവ്വയിലെത്തും. 

ഒരു സിലിക്കണ്‍ ചിപ്പിലാക്കിയാണ് ആളുകള്‍ അയക്കുന്ന പേരുകള്‍ ചൊവ്വയിലേക്ക് അയക്കുക. നാസയുടെ ജെറ്റ് പ്രൊപ്പള്‍ഷന്‍ ലബോറട്ടറിയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഒരു ഗ്ലാസ് കവചത്തിനുള്ളിലാണ് ചിപ്പ് സ്ഥാപിക്കുക. സെപ്റ്റംബര്‍ 30 വരെയാണ് പേര് നല്‍കാനുള്ള സമയം.

Content Highlights: send your name to nasa NASA issues boarding pass