കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായതാണ് ഫേസ് മാസ്‌കുകള്‍. സാധാരണ സര്‍ജിക്കല്‍ മാസ്‌ക് മുതല്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വരെയുള്ള മാസ്‌കുകള്‍ വിപണിയിലിറങ്ങി. 

ഇപ്പോഴിതാ കോവിഡ്-19 വൈറസിനെ കണ്ടെത്താന്‍ കഴിവുള്ള മാസ്‌ക് വികസിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ജാപ്പനീസ് ഗവേഷര്‍. ഒട്ടകപക്ഷിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച മുഖ കവചത്തിനാണ് കോവിഡ് വൈറസ് തിരിച്ചറിയാനുള്ള കഴിവുള്ളത്. ഒട്ടകപക്ഷിയുടെ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡിയ്ക്ക് കൊറോണ വൈറസിനെ പൊതിഞ്ഞുപിടിക്കാന്‍സാധിക്കുമത്രെ. 

നമ്മള്‍ നിശ്വാസ വായുവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ മാസ്‌കിലെ ഫ്‌ളൂറസന്റ് ലൈറ്റ് തെളിയുകയും വൈറസിന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്യും. 

ക്യോട്ടോ പ്രിഫെക്ച്വറല്‍ സര്‍വകലാശാലയിലെ പ്രസിഡന്റ് യശുഹിരോ സുകാമോടോയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് കോവിഡ് ഡിറ്റക്ഷന്‍ ഫേസ് മാസ്‌ക് വികസിപ്പിച്ചതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ശരീരത്തിലേക്ക് കടന്നുവരുന്ന പുറത്തുനിന്നുള്ള വൈറസുകളെ നിഷ്‌ക്രിയമാക്കാന്‍ ഒട്ടകപക്ഷികളില്‍ വിവിധങ്ങളായ ആന്റിബോഡികള്‍ ഉല്പാദിപ്പിക്കപ്പെടാറുണ്ട്. ഒട്ടകപക്ഷിയുടെ മുട്ടയില്‍ നിന്നാണ് ഈ ആന്റിബോഡികള്‍ ശേഖരിച്ചത്. ഇത് നിര്‍ജീവമായ അപകടകാരിയല്ലാത്ത കൊറോണ വൈറസിനൊപ്പം കുത്തിവെക്കും. 

മാസ്‌കിന്റെ പ്രവര്‍ത്തനം എങ്ങനെ?

സാധാരണ മാസ്‌ക് ധരിക്കുന്ന പോലെ ഈ മാസ്‌ക് ധരിക്കണം. നമ്മള്‍ ശ്വാസം പുറത്തുവിടുമ്പോള്‍ മാസ്‌കില്‍ പതിയുന്ന പദാര്‍ത്ഥങ്ങളില്‍ നിന്നാണ് കൊറോണ വൈറസിനെ കണ്ടെത്തുക. മാസ്‌കിലെ ഒരു ഫില്‍റ്ററിലേക്ക് ആന്റിബോഡികള്‍ സ്‌പ്രേ ചെയ്യും. അതിന് ശേഷം ഈ മാസ്‌ക് അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ വെച്ചാല്‍ ഇതിലെ ഫ്‌ളൂറസന്റ് ലൈറ്റുകള്‍ തിളങ്ങും. സ്മാര്‍ട്‌ഫോണിന്റെ എല്‍ഇഡി ലൈറ്റും ഇതിനായി ഉപയോഗിക്കാം. 

32 കോവിഡ്-19 രോഗികളില്‍ നടത്തിയ പരിശോധനയില്‍ മാസ്‌ക് അള്‍ട്രാ വയലറ്റ് പ്രകാശത്തില്‍ തിളങ്ങുന്നതായി കണ്ടെത്തി. മാസ്‌കിലെ മൗത്ത് ഫില്റ്ററിലാണ് ഒട്ടകപക്ഷിയുടെ ആന്റിബോഡി സ്ഥാപിക്കുക. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴുമെല്ലാം മാസ്‌ക് കൊറോണ വൈറസിനെ പിടിച്ചെടുക്കും. ഈ സംവിധാനത്തിന് വേണ്ടിയുള്ള പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് വാണിജ്യാടിസ്ഥാനത്തില്‍ ലഭിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും. 

Content Highlights: scientists have developed facemask  that can detect the Covid-19 virus