ന്യൂഡൽഹി: എസ്.ബി.ഐ. ഉപഭോക്താക്കൾക്ക് യു.പി.ഐ. വഴി ഇടപാടുകൾ നടത്തുന്നതിലുള്ള തടസം തുടരുന്നതായി റിപ്പോർട്ട്. ഏതാനും ദിവസങ്ങളായി തുടരുന്ന പ്രശ്നം ഇതുവരെ അധികൃതർ പരിഹരിച്ചിട്ടില്ലെന്നാണ് വിവരം. നിരവധി എസ്.ബി.ഐ. അക്കൗണ്ട് ഉടമകളാണ് ഇക്കാര്യം ട്വിറ്ററിൽ ഉന്നയിച്ചിരിക്കുന്നത്.
രണ്ട് ദിവസം മുമ്പാണ് എസ്.ബി.ഐ. അക്കൗണ്ട് വഴിയുള്ള യു.പി.ഐ. ഡിജിറ്റൽ പണമിടപാടുകൾ നടത്താനാകുന്നില്ലെന്ന പരാതി ഉയർന്നത്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ഭീം, തുടങ്ങിയ യു.പി.ഐ. ആപ്പുകളിലെല്ലാം ഈ തടസം നേരിട്ടിരുന്നു.
വ്യാപകമായി പരാതി ഉയർന്നതോടെ എസ്.ബി.ഐ. തന്നെ ഇക്കാര്യത്തിൽ ട്വിറ്ററിലൂടെ വിശദീകരണം നൽകി. തങ്ങളുടെ യു.പി.ഐ. ആപ്പുകളിൽ ഇടയ്ക്കിടെ കണക്ടിവിറ്റി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നുമായിരുന്നു വിശദീകരണം. ഉപഭോക്താക്കൾ മറ്റ് ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിക്കാനും എസ്.ബി.ഐ. അഭ്യർഥിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും എസ്.ബി.ഐ. പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്നാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്.
Content Highlights:sbi account holders facing problems in upi transactions