എഎംഡി (AMD) ഗ്രാഫിക്‌സോടുകൂടിയ എക്‌സിനോസ് (Exynos)ചിപ്പ്‌സെറ്റിന് വേണ്ടി 2019 മുതലാണ് ചിപ്പ് നിര്‍മാതാവായ എഎംഡിയും സാംസങും തമ്മിലുള്ള സഹകരണം ആരംഭിച്ചത്. കമ്പനിയുടെ പുതിയ പ്രൊസസര്‍ ചിപ്പ് പുറത്തിറങ്ങാന്‍ പോവുന്നു എന്നാണ് പുതിയ വാര്‍ത്ത. കമ്പനിയുടെ ആദ്യ എംഎംഡി ആര്‍ഡിഎന്‍എ2 ( AMD RDNA 2) ചിപ്പ് ജനുവരി 11 പുറത്തിറങ്ങും. സാംസങ് എക്‌സിനോസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. 

സാംസങ് എസ് 22 പരമ്പര ഫോണുകള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായാണ് പുതിയ ചിപ്പ് അവതരിപ്പിക്കുന്നത്. ഫോണ്‍ ഫെബ്രുവരിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ എഎംഡി ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റിന്റെ (GPU) പിന്‍തുണയോടെയുള്ള പുതിയ പ്രൊസസര്‍ ചിപ്പുമായാവും ഫോണ്‍ എത്തുക. 

'ഗെയിമിങ് വിപണിയില്‍ കാര്യമായ മാറ്റം വരാന്‍ പോകുന്നു. ആര്‍ഡിഎന്‍എ 2 യില്‍ നിര്‍മിച്ച പുതിയ ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റോടു കൂടിയ പുതിയ എക്‌സിനോസിന് വേണ്ടി കാത്തിരിക്കൂ' എന്ന കുറിപ്പോടെയാണ് കമ്പനി തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്താണ് ആര്‍ഡിഎന്‍എ ?

റേഡിയോണ്‍ ഗ്രാഫിക്‌സ് ആര്‍ക്കിടെക്ചറിനെയാണ് ആര്‍ഡിഎന്‍എ പ്രതിനിധീകരിക്കുന്നത്. കമ്പനിയുടെ റേഡിയോണ്‍ ആര്‍എക്‌സ് 5000 സീരീസ് ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റിലാണ് ഇത് ആദ്യമായി വന്നത്. സോണി പ്ലേസ്റ്റേഷന്‍ 5, മൈക്രോസോഫ്റ്റ് എക്‌സ്‌ബോക്‌സ് സീരീസ് എസ്/എക്‌സ് എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്നത് ആര്‍ഡിഎന്‍എ 2 ജിപിയു സാങ്കേതിക വിദ്യയാണ്. പുതിയ റേഡിയോണ്‍ ആര്‍എക്‌സ് 6000 പരമ്പര ഗ്രാഫിക്‌സ് കാര്‍ഡുകളിലും ആര്‍ഡിഎന്‍എ 2 സാങ്കേതിക വിദ്യയാണ്. 

ഈ സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ മൊബൈല്‍ ചിപ്പ് സെറ്റിലേക്ക് വരുന്നത്. അതുകൊണ്ടു തന്നെ ഇത് മൊബൈല്‍ ഗെയിമിങ് രംഗത്തെ വന്‍ മുന്നേറ്റമാണ്. നിലവിലുള്ള അഡ്രിനോ ഗ്രാഫിക്‌സിനേക്കാള്‍ കൂടുതല്‍ സാധ്യതകളാണ് ആര്‍ഡിഎന്‍എ2 തുറക്കുന്നത്. എങ്കിലും സാംസങ് ഗാലക്‌സി എസ്22 ഫോണുകളില്‍ ഇത് അവതരിപ്പിക്കപ്പെടുമോ എന്ന് വ്യക്തമല്ല.