ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്ററുമായി സാംസങ്. ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലുള്ള ഓപ്പറ ഹൗസാണ് മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയുടേയും ലൈഫ് സ്‌റ്റൈലിന്റേയും സമ്മിശ്ര അനുഭവമാണ് ഓപ്പറ ഹൗസ് നല്‍കുക.

ഇത്തരത്തിലൊരു മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ രാജ്യത്ത് ആദ്യമായാണ് അവതരിപ്പിക്കുന്നത് എന്ന് സാംസങ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ ഓപ്പറ ഹൗസില്‍ പ്രദര്‍ശിപ്പിക്കും. വര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നിവ ആസ്വദിക്കാന്‍ ഇവിടെ അവസരമുണ്ട്.

വെര്‍ച്ച്വല്‍ റിയാല്‍റ്റിയില്‍ അധിഷ്ടിതമായ 4 ഡി സ്വേ ചെയര്‍, വിപ്ലാഷ് പള്‍സര്‍ 4 ഡി ചെയര്‍, ഫൈറ്റര്‍ പൈലറ്റ് ആയി യുദ്ധം ചെയ്യുക, ബഹിരാകാശത്തെ യുദ്ധം, കയാക്കിങ്, റോയിങ് പോലുള്ള വിനോദോപാധികളും ഇവിടെ ആസ്വദിക്കാം.

ജൂലൈയില്‍ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി നോയിഡയില്‍ ഉല്‍ഘാടനം ചെയ്തതിന് പിന്നാലെയാണ് സാംസങ് ബംഗളുരുവില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നിരിക്കുന്നത്. 

image
സാംസങ് ഓപ്പറ ഹൗസിലെ സാംസങ് മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍

ബ്രിട്ടീഷ് 'ഭരണകാലത്ത് ഓപ്പറ ഹൗസ് ആയിരുന്ന 33000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് സാംസങ് അത്യാധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിച്ചിരിക്കുന്നത്. സാംസങിന്റെ എല്ലാ സ്മാര്‍ട്‌ഫോണുകളും മറ്റ് ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സാംസങിന് രണ്ട് നിര്‍മാണ യൂണിറ്റുകളും അഞ്ച് ഗവേഷണ വിഭാഗങ്ങളും ഒരു ഡിസൈന്‍ കേന്ദ്രവും ആണ് ഉള്ളത്. സാംസ ന്റെ ആദ്യ ഗവേഷണ കേന്ദ്രം 1996ല്‍ ബെംഗളൂരുവിലാണ് സ്ഥാപിച്ചത്. ഇന്ന് ബെംഗളൂരുവിലുള്ള സാംസങ് ആര്‍ & ഡി ഇന്‍സ്റ്റിറ്റ്യൂട്ടാണ് കമ്പനിയുടെ കൊറിയക്ക് പുറത്തുള്ള ഏറ്റവും വലിയ ഗവേഷണ കേന്ദ്രം. 1,80,000 റീട്ടെയില്‍ വില്‍പനക്കാരും 2,100 സാംസങ് ബ്രാന്റ് സ്റ്റോറുകളുമാണ് സാംസങിന് ഇന്ത്യയിലുള്ളത്.

Content Highlights: Samsung mobile experience center in bengaluru