സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ള 200 മെഗാപിക്‌സല്‍ ക്യാമറ പ്രഖ്യാപിച്ച് സാംസങ്. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ഉയര്‍ന്ന റസലൂഷനിലുള്ള ക്യാമറയായിരിക്കും ഇത്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് അള്‍ട്രാ ഹൈ റസലൂഷനിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ പുതിയ  ISOCELL HP1 സെന്‍സറിന് സാധിക്കും. 0.64 മൈക്രോമീറ്റര്‍ വലിപ്പമുള്ള പിക്‌സലുകളാണിതില്‍. 

പശ്ചാത്തലത്തിനനുസരിച്ച് പിക്‌സലുകള്‍ ക്രമീകരിക്കാന്‍ കഴിവുള്ള പിക്‌സല്‍ ബിന്നിങ് സാങ്കേതിക വിദ്യയും പുതിയ ഇമേജ് സെന്‍സറില്‍ സാംസങ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് പ്രകാശം കുറഞ്ഞ അന്തരീക്ഷത്തില്‍ 2.56 മൈക്രോമീറ്റര്‍ പിക്‌സല്‍ വലിപ്പമുള്ള 12.5 എംപി സെന്‍സറായി മാറാന്‍ ഇതിന് സാധിക്കും. 2.56 പിക്‌സലിന് കൂടുതല്‍ പ്രകാശത്തെ ആഗിരണം ചെയ്യാന്‍ കഴിവുണ്ട്. 

അതേസമയം നല്ലരീതിയില്‍ വെളിച്ചമുള്ള പശ്ചാത്തലത്തില്‍ സെന്‍സറിലെ 20 കോടി പിക്‌സലുകള്‍ക്ക് അള്‍ട്രാ ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്താനും സാധിക്കും. സെക്കന്റില്‍ 30 ഫ്രെയിംസ് വേഗതയില്‍ 8K വീഡിയോ ചിത്രീകരിക്കാനും ഈ സെന്‍സറില്‍ സാധിക്കും. 

ഇത് കൂടാതെ ഐഎസ്ഒ സെല്‍ ജിഎ്# 5 എന്ന മറ്റൊരു ക്യാമറ സെന്‍സറും കമ്പനി പുറത്തിറക്കി. ഓട്ടോ ഫോക്കസിങ് സാങ്കേതിക വിദ്യയായ ഡ്യുവല്‍ പിക്‌സല്‍ പ്രോയും 1.0 മൈക്രോമീറ്റര്‍ സെന്‍സറും സംയോജിപ്പിച്ചുള്ള വിപണിയിലെ ആദ്യ സെന്‍സറാണിത്. 

ഈ സെന്‍സറുകള്‍ എന്നുമുതല്‍ സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിച്ചുതുടങ്ങുമെന്ന് കമ്പനി വെളിപ്പെടുത്തിയില്ല.

Content Highlights: samsung announced 200 megapixel smartphone camera