ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂട്യൂബ് പോലുള്ള അമേരിക്കൻ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന ഭീഷണിയുമായി റഷ്യ. റഷ്യൻ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.

ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിലൂടെ റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്ന വിദേശ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളെ കണ്ടെത്തുന്നതിനും അവർക്ക് റഷ്യയിൽ പിഴയും ഭാഗികമോ സമ്പൂർണമോ ആയ നിയന്ത്രണം ഏർപ്പെടുത്താനും നിർദേശിക്കുന്ന നിയമത്തിന്റെ കരട് രൂപം ഭരണപക്ഷ നേതാക്കൾ വ്യാഴാഴ്ച അവതരിപ്പിച്ചു.

ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവ തങ്ങളുടെ അക്കൗണ്ടുകൾ സെൻസർ ചെയ്യുന്നതായി ഏപ്രിൽ മുതൽ തന്നെ റഷ്യൻ മാധ്യമ കമ്പനികൾ പരാതി ഉന്നയിക്കുന്നുണ്ട്.

തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള നീക്കങ്ങൾ എന്ന പേരിലാണ് ഈ സെൻസർഷിപ്പ് നടത്തുന്നത് എന്ന് റഷ്യൻ മാധ്യമങ്ങൾ പറയുന്നു. ഇതിനെതിരെ നിയമനടപടി ഉണ്ടാകണമെന്നാണ് റഷ്യയുടെ നിലപാട്.

നിലവിൽ ആയിരക്കണക്കിന് വിദേശ വെബ്സൈറ്റുകൾക്ക് റഷ്യയിൽ നിയന്ത്രണമുണ്ട് എങ്കിലും പ്രധാനപ്പെട്ട ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല.

Content Highlights:russia threatens twitter facebook youtube