Photo: Screengrab
യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും യുഎസും തമ്മിലിടഞ്ഞിരിക്കുന്ന സാഹചര്യമാണ്. ഇരു രാജ്യങ്ങളും ഉപരോധങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കെ ഇരു രാജ്യങ്ങള്‍ക്കും പങ്കാളിത്തമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ വരാനിരിക്കുന്ന അമേരിക്കന്‍ ഗവേഷകനെ റഷ്യ കൂടെ കൂട്ടില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് റഷ്യ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകനെ തിരികെ എത്തിക്കുമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് വ്യക്തമാക്കി.
2021 ഏപ്രില്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ കഴിയുന്ന നാസ ഗവേഷകനാണ് മാര്‍ത്ത് വാന്‍ഡെ ഹെയ്. രണ്ട് റഷ്യന്‍ ഗവേഷകര്‍ക്കൊപ്പം കസാഖ്സ്താനില്‍ നിന്നും റഷ്യയുടെ സോയൂസ് റോക്കറ്റിലാണ് വാന്‍ഡേ ഹെയ് നിലയത്തിലെത്തിയത്. പിന്നീട് ബഹിരാകാശ നിലയത്തില്‍ കഴിയവെ വാന്‍ഡേയുടെ കാലാവധി ഒരു വര്‍ഷമാക്കി വര്‍ധിപ്പിച്ചു. 2022 മാര്‍ച്ച് 30 ന് തിരികെ ഇറങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ബഹിരാകാശ സഞ്ചാരം നടത്തി തിരികെയെത്തുന്നയാള്‍ എന്ന റെക്കോര്‍ഡുമായാണ് അദ്ദേഹം തിരികെയെത്തുക. 353 ദിവസം.
യുക്രൈനില്‍ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം അമേരിക്കയുമായി അത്ര നല്ല ബന്ധത്തിലല്ല. റഷ്യയ്ക്കുമേല്‍ സാമ്പത്തിക വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തിയത് കൂടാതെ യുക്രൈനിന് സൈനിക സഹായങ്ങളും യുഎസ് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയെ തിരികെ കൊണ്ടുവരുന്നതില്‍ നിന്ന് റഷ്യ മാറി നില്‍ക്കും എന്ന ആശങ്ക ഉയര്‍ന്നിരുന്നു.
ഒരു റഷ്യന്‍ വാര്‍ത്താ പരിപാടിയില്‍ കാണിച്ച വീഡിയോയാണ് അങ്ങനെ ഒരു ആശങ്കയ്ക്ക് ഇടയാക്കിയത്. അമേരിക്കന്‍ ഗവേഷകനെ ഒറ്റപ്പെടുത്തി, ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ഭാഗം വേര്‍പെടുത്താന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ വീഡിയോ.
എന്നാല്‍ ഇതൊരു തമാശ മാത്രമായിരുന്നുവെന്ന് റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിന്‍ പറഞ്ഞു. ബഹിരാകാശ നിലയ പദ്ധതിയില്‍ നിന്ന് റഷ്യ പിന്‍മാറാനുള്ള സാധ്യതയെ ഹാസ്യരൂപേണ ചിത്രീകരിക്കുകയായിരുന്നു. റഷ്യന്‍ ഭാഗമില്ലാതെ അമേരിക്കന്‍ ഭാഗത്തിന് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം തന്റെ ടെലഗ്രാം ചാനലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ഈ വീഡിയോയെ അമേരിക്കന്‍ മാധ്യമങ്ങള്‍ ഏറെ ഗൗരവമായെടുത്തു. റഷ്യ ഭീഷണിപ്പെടുത്തുകയാണെന്ന രീതിയിലായിരുന്നു വാര്‍ത്തകളെല്ലാം.
മാര്‍ച്ച് 30 ന് റഷ്യയുടെ സോയൂസ് എംഎസ്-19 പേടകത്തില്‍ റഷ്യന്‍ ഗവേഷകരായ ആന്റണ്‍ ഷ്‌കാപ്ലെറോവ്, പ്യോര്‍ ദുബ്രോവ് എന്നിവര്‍ക്കൊപ്പമാണ് മാര്‍ക്ക് വാന്‍ഡേ ഹെയ് ഭൂമിയിലേക്ക് തിരിക്കുക. കസാഖ്സ്താനിലാണ് ഇവര്‍ ലാന്റ് ചെയ്യുക.
ഇരു രാജ്യങ്ങളുടേയും ബഹിരാകാശ ഏജന്‍സികള്‍ തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് നാസയും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: russia ukraine war, US, Nasa, International space station, ISS, Mark Vande Hei
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..