ഡിയോ ചാറ്റ് സേവനമായ ക്ലബ് ഹൗസില്‍ നടത്തുന്ന ചര്‍ച്ചയിലേക്കുള്ള ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആണ് പുടിന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന വിവരം അറിയിച്ചത്. 

ഇലോണ്‍ മസ്‌ക് ക്ലബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങിയതോടെ ക്ലബ് ഹൗസ് എന്ന ഓഡിയോ ഡിസ്‌കഷന്‍ പ്ലാറ്റ്‌ഫോം കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്. ചാറ്റ്‌റൂമുകളില്‍ ഒരു കൂട്ടം ആളുകളുമായി ചര്‍ച്ച നടത്താനും സംസാരിക്കാനും സഹായിക്കുന്ന പ്ലാറ്റ്‌ഫോം ആണിത്. 

ക്ലബ് ഹൗസില്‍ താന്‍ നടത്തുന്ന ചര്‍ച്ചയിലേക്ക് റഷ്യന്‍ പ്രസിഡന്റിനെ ക്ഷണിച്ചുകൊണ്ട് മസ്‌ക് ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. മസ്‌കിന്റേത് ആകര്‍ഷകമായ നിര്‍ദേശമാണ്. മസ്‌കിന്റെ ക്ഷണത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അത് പരിശോധിച്ചതിന് ശേഷമേ പ്രതികരിക്കുകയുള്ളൂ എന്നും പുടിന്റെ വക്താവ് പറഞ്ഞു. 

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നേരിട്ട് ഉപയോഗിക്കുന്നില്ലെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഐഫോണില്‍ മാത്രം ലഭ്യമായ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. 5000 ആളുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന ചാറ്റ് റൂമുകള്‍ ഇതില്‍ സൃഷ്ടിക്കാനാവും.

ബഹിരാകാശത്തേക്ക് ഗവേഷകരെ അയക്കുന്നതില്‍ 2011 ന് ശേഷം റഷ്യ തുടര്‍ന്നു പോന്ന ഏകാധിപത്യം അവസാനിപ്പിച്ചയാളാണ് ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകമാണ് ഇപ്പോള്‍ നാസയ്ക്ക് വേണ്ടി ബഹിരാകാശ നിലയത്തിലേക്കുള്ള വിക്ഷേപണങ്ങള്‍ നടത്തുന്നത്. 

നാസയുടെ സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിച്ചതിന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് അമേരിക്കയുടേതുള്‍പ്പടെയുള്ള ഗവേഷകര്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യാറ്. ഓരോ വിക്ഷേപണത്തിനും കോടികള്‍ നേട്ടമുണ്ടാക്കാന്‍ റഷ്യയ്ക്ക് സാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മസ്‌ക് റഷ്യന്‍ പ്രസിഡന്റിനെ ക്ലബ് ഹൗസ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. അതേസമയം ഒരു അമേരിക്കന്‍ വ്യവസായിയായ മസ്‌ക് റഷ്യന്‍ ഭരണാധികാരിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിലൂടെ ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമല്ല.

Content Highlights: Russia President Vladimir Putin to a Clubhouse Chat, Kremlin Says interested‌