പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പിഴ ചുമത്തുന്ന കാര്യം റഷ്യന്‍ ജനപ്രതിനിധി സഭയായ സ്റ്റേറ്റ് ഡുമ പരിഗണിക്കുന്നു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ ലിങ്ക്, വണ്‍ വെബ് എന്നിവ ഉള്‍പ്പടെ, റഷ്യന്‍ ഉപഗ്രഹ ശൃംഖലയില്‍ പെട്ടതല്ലാത്ത ഇന്റര്‍നെറ്റ്  ശൃംഖല ഉപയോഗിക്കുന്നതാണ് റഷ്യ വിലക്കാന്‍ പോവുന്നത്. 

സാധാരണ ഉപയോക്താക്കള്‍ക്ക് 10,000 മുതല്‍ 30,000 വരെ (9909 രൂപ-29727 രൂപ) റൂബിള്‍ പിഴ ചുമത്താനും സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം റൂബിള്‍ വരെ (495462.97 രൂപ മുതല്‍ 990925.95 രൂപ വരെ) പിഴ ചുമത്താനുമാണ് ശ്രമം. 

ഉപഗ്രഹങ്ങളില്‍നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് സേവനമെത്തിക്കുന്ന പദ്ധതികളാണ് സ്റ്റാര്‍ ലിങ്ക്, വണ്‍ വെബ് പോലുള്ളവ. ഈ സംവിധാനങ്ങളിലൂടെ സ്വതന്ത്രമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് രാജ്യത്തെ കര്‍ശന ഇന്റര്‍നെറ്റ് നിയന്ത്രണ സംവിധാനങ്ങളെ മറികടക്കുന്നതിന് ഇടയാക്കുമെന്ന് സ്റ്റേറ്റ് ഡ്യുമ അഭിപ്രായപ്പെടുന്നു. മാധ്യമങ്ങള്‍ക്കും ആശയവിനിമയ സംവിധാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുള്ള റഷ്യയില്‍ ഇന്റര്‍നെറ്റ് ട്രാഫിക് റഷ്യന്‍ കമ്മ്യൂണിക്കേഷന്‍ പ്രൊവൈഡര്‍ വഴി നിര്‍ബന്ധമായി കടന്നുപോവണം എന്നാണ് നിബന്ധന. 

സ്റ്റാര്‍ ലിങ്ക് സേവനങ്ങളെ നിരോധിക്കാനുള്ള നടപടികള്‍ റഷ്യ സ്വീകരിക്കുന്നതില്‍ ആശ്ചര്യമില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവിയായ ദിമിത്രി റോഗോസിന്‍ പറഞ്ഞു. ബഹിരാകാശ രംഗത്ത് സ്‌പേസ് എക്‌സ് ഒരു വെല്ലുവിളിയാണെന്നാണ് റോഗോസിന്റെ നിലപാട്. 

നേരത്തെ റഷ്യയുടെ സോയുസ് വിക്ഷേപണ വാഹനത്തെ ആശ്രയിച്ചിരുന്ന അമേരിക്ക ഇപ്പോള്‍ സ്‌പേസ് എക്‌സിന്റെ വിക്ഷേപണ വാഹനത്തിലാണ് ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപണം നടത്തുന്നത്. സ്‌പേസ് എക്‌സിന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് സബ്‌സിഡി നല്‍കുന്നതിനെയും റോഗോസിന്‍ നിശിതമായി വിമര്‍ശിച്ചു. 

അതേസമയം, വണ്‍ വെബിനെ നിരോധിക്കാനുള്ള ശ്രമം ശ്രദ്ധേയമാണ്. കാരണം റഷ്യയുടെ സോയൂസ് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് വണ്‍ വെബ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. വണ്‍ വെബ്ബിന്റെ പ്രഥമ ശൃംഖലയില്‍പെട്ട ഉപഗ്രങ്ങള്‍ എല്ലാം വിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. 

വിദേശ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങളെ അകറ്റി നിര്‍ത്തുന്നതിനൊപ്പം 'സ്ഫിയര്‍ (Sphere) എന്ന പേരില്‍ സ്വന്തം ഉപഗ്രഹങ്ങള്‍ വിന്യസിക്കാനാണ് റഷ്യയുടെ പദ്ധതി. ഇതിനായുള്ള വിക്ഷേപണങ്ങള്‍ 2024-ല്‍ തുടങ്ങും. 

Content Highlights: Russia may fine citizens who use western Internet service like starlink