പോപ്പ് ഗായിക റിഹാന അടുത്തിടെ പങ്കുവെച്ച് ഒരു ട്വീറ്റ് ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ഇനിയുമെന്താണ് സംസാരിക്കാതിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് ആണ് റിഹാന പങ്കുവെച്ചത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്. 

ട്വിറ്ററില്‍ പത്ത് കോടിയിലധികം ഫോളോവര്‍മാരുള്ള റിഹാനയുടെ ട്വീറ്റ് ഇന്ത്യയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം രാജ്യാന്തര മാധ്യമ ശ്രദ്ധ നേടുന്നതിന് വഴിവെക്കുകയും ചെയ്തു. 

പതിവുപോലെ റിഹാനയുടെ ട്വീറ്റിനോടും വ്യത്യസ്ത പ്രതികരണങ്ങളാണുള്ളത്. ചിലര്‍ റിഹാനയെ അനുകൂലിക്കുമ്പോള്‍ ചിലര്‍ റിഹാനയുടേത് പണം വാങ്ങിയുള്ള പ്രതികരണമാണെന്നാണ്. പോപ്പ് സ്റ്റാര്‍ അറിയാത്ത കാര്യങ്ങള്‍ സംസാരിക്കേണ്ടെന്നും ചിലര്‍ പറയുന്നു. 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതം ഒരു മുഖ്യ വിഷയമായതിനാല്‍ റിഹാനയുടെ മതമന്വേഷിക്കുകയാണ് മറ്റൊരു വിഭാഗം. റിഹാനയുടെ മതം, റിഹാന മുസ്ലീം ആണോ തുടങ്ങിയ അന്വേഷണങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ഗൂഗിളില്‍ വര്‍ധിക്കുകയും ചെയ്തു. ക്രിസ്തുമത പശ്ചാത്തലത്തിലാണ് റിഹാന വളര്‍ന്നത്.

എന്തായാലും റിഹാനയെ വിമര്‍ശിക്കാന്‍ പഴുതുകള്‍ അന്വേഷിക്കുന്ന പോലെയാണ് ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ്. റിഹാന ആരാണ്, എന്താണ്, എവിടുന്നാണ് തുടങ്ങിയ അന്വേഷണങ്ങള്‍ ഇന്ത്യയില്‍ നിന്ന് വര്‍ധിച്ചു. 

അതേസമയം കര്‍ഷകസമരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയും രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ തന്നെയാണ് ത്യുന്‍ബെയും പിന്തുണ അറിയിച്ചത്.

Content Highlights: rihanna tweet on farmers protest Indians are googling for her religion