Photo: Screengrab Lifology Official
വീടകങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കൊരു രക്ഷാമാര്‍ഗവുമായി റെസ്‌ക്യു കോഡ് എന്ന പുതിയ രീതി ശ്രദ്ധേയമാവുന്നു. ഗ്ലോബല്‍ ഏഷ്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ അജയ്യ കുമാര്‍ ആണ് റെസ്‌ക്യു കോഡിനു പിന്നിലെ ചാലകശക്തി. ആഗോളതലത്തില്‍ ഏഴു കുട്ടികളില്‍ ഒരാള്‍ മാതാപിതാക്കളില്‍നിന്നു പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ശാരീരികമായി മാത്രമല്ല, മാനസികവുമായും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു.

ഇത്തരത്തില്‍ ഒറ്റപ്പെട്ടു പോവുന്ന പല കുട്ടികളും ഒടുവില്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. ഈ വലിയ പ്രശ്നത്തെ ആണ് 'റെസ്‌ക്യൂ കോഡ്' വഴി പരിഹരിക്കാന്‍ ശ്രമിക്കുന്നത്. സമൂഹം വളരെ ഗോപ്യമായി വെച്ചിരിക്കുന്ന ഒരു കാര്യത്തെ കമ്പ്യൂട്ടര്‍ ഗെയിമിങ്ങിലൂടെ പുറത്തുകൊണ്ടുവന്നു പരിഹാരം കാണാനുള്ള ശ്രമം.
ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുമ്പോള്‍ അവരുടെ മെസ്സേജുകളില്‍ AFK505 എന്ന കോഡ് അടിച്ചാല്‍ മതി. കൂടെ കളിക്കുന്ന ആരെങ്കിലും ഇത് കാണാന്‍ ഇടയായാല്‍ അവര്‍ ഈ വിവരം അധികാരികളെ അറിയിക്കുകയും അതുവഴി കുട്ടികള്‍ക്ക് സഹായം ലഭിക്കുകയും ചെയ്യും എന്നാണ് കരുതുന്നത്.
കുട്ടികളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നതിനൊപ്പം ഇക്കാര്യം അധികാരികളെ അറിയിക്കുകയും അതിലൂടെ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കണ്ടെത്തുവാന്‍ സഹായിക്കുകയും ആണ് റെസ്‌ക്യൂ കോഡ് ചെയ്യുന്നത്. കുട്ടികള്‍ കോഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെയും തള്ളിക്കളയാന്‍ ആവില്ല. അതുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ നീക്കേണ്ടിവരും.
യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിര്‍കോം കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആണ് അജയ്യ കുമാര്‍. കലാസാംസ്‌കാരിക രംഗത്തും മോട്ടിവേഷണല്‍ ടോക്ക് ഷോകളിലൂടെയും ശ്രദ്ധേയനാണ്. കാന്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റിയില്‍ പുരസ്‌കാരം നേടിയ 'റെസ്‌ക്യു കോഡ്' ലോകത്ത് രക്ഷാകര്‍തൃത്വത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അജയ്യ കുമാര്‍ വിശ്വസിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..