ഗൂഗിള്‍, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിവ ഉപയോഗിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം ഈടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന നിര്‍ദേശം കേന്ദ്രം തള്ളി. തത്കാലം അത്തരമൊരു നിയമനിര്‍മാണം ആലോചനയിലില്ലെന്ന് വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കര്‍ ലോക്സഭയെ അറിയിച്ചു.

വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിളും മറ്റും പ്രതിഫലം നല്‍കണമെന്നും പരസ്യവരുമാനം അര്‍ഹമായ രീതിയില്‍ പങ്കുവെക്കണമെന്നും പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിരുന്നു. പത്രങ്ങളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയും വാര്‍ത്താചാനലുകളുടെ ഐക്യവേദിയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഈ ആവശ്യമുന്നയിച്ച് ഗൂഗിളിന് കത്തെഴുതിയിരുന്നു. 

ബി.ജെ.പി. നേതാവ് സുശില്‍ മോദിയും കഴിഞ്ഞദിവസം ഈ ആവശ്യം ഉന്നയിച്ചിരുന്നു. അടുത്തിടെ ഓസ്ട്രേലിയ ഗൂഗിളില്‍നിന്നും മറ്റും പ്രതിഫലം ഈടാക്കാന്‍ നിയമം പാസാക്കിയിരുന്നു. അതിനു സമാനമായ നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് ഇന്ത്യയിലും ഉയര്‍ന്നത്.

Content Highlights: Remuneration For Google News Article, Central Government