5000 രൂപയില്‍ താഴെ വിലയ്ക്ക് 5ജി ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ റിലയന്‍സ് ജിയോയ്ക്ക് പദ്ധതി. ഉല്പാദനം വര്‍ധിക്കുന്ന മുറയ്ക്ക് ഫോണിന്റെ വില 2500 മുതല്‍ 3500 വരെയാക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. 

നിലവില്‍ 2ജി കണക്ഷന്‍ ഉപയോഗിക്കുന്ന 20-30 കോടി ഉപയോക്താക്കളെയാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്ത് വില്‍പനയിലുള്ള 5ജി സ്മാര്‍ട്‌ഫോണുകള്‍ക്ക് 27,000 രൂപയിലാണ് വില തുടങ്ങുന്നത്. 

എങ്കിലും ഇത് ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ തന്നെ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും കൂടുതല്‍ സാധ്യത ആന്‍ഡ്രോയിഡ് ഓഎസ് ഫോണ്‍ പുറത്തിറക്കാനാണ്. 

നേരത്തെ കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന 4ജി ഫോണുകള്‍ ജിയോ പുറത്തിറക്കിയിരുന്നു. വില കുറഞ്ഞ ഫോണ്‍ ആയതിനാല്‍ തന്നെ ആന്‍ഡ്രോയിഡ് ഗോ ഓഎസ് ഉപയോഗിക്കാനാണ് സാധ്യത. ഇരു കമ്പനികളും തമ്മില്‍ കൂടുതല്‍ സഹകരണം ഉണ്ടാവുമെന്ന് ഗൂഗിളും ജിയോയും പ്രഖ്യാപിച്ചിരുന്നു. 

ടെലികോം രംഗത്ത് വലിയ ലാഭമുണ്ടാക്കുന്ന ജിയോ 5ജി രംഗത്തും രാജ്യത്തെ അമരക്കാരാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജിയോഫോണുകളിലൂടെ രാജ്യത്ത് 4ജി വ്യാപനത്തിന് ആക്കംകൂട്ടിയ ജിയോയ്ക്ക് കുറഞ്ഞ വിലയില്‍ 5ജി ഫോണ്‍ രംഗത്തിറക്കി വിപ്ലവം സൃഷ്ടിക്കാനാവുമോ എന്ന് കണ്ടറിയാം

Content Highlights: reliance jio working on 5G android smartphone under 5000rs