മുംബൈ: ടെലികോം മേഖലയില്‍ സൗജന്യ ഓഫറുകളുമായി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ സ്വന്തമായി ജിയോ കോയിന്‍ എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുന്നതായി റിപ്പോര‍്ട്ട്. മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനിയുടെ നേതൃത്വത്തിലാണ് ജിയോ കോയിന്‍ പദ്ധതി. 

ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി പദ്ധതിക്കായി ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ 50 അംഗ വിദഗ്ധ സംഘത്തെയാണ് ജിയോ നിയോഗിച്ചിട്ടുള്ളത്. ഇതിന്റെ വിതരണത്തിനും കരാറുകള്‍ക്കുമായി ഇവര്‍ ആപ്പ് നിര്‍മിക്കും. നിരവധി ബ്ലോക്ക്‌ചെയിന്‍ ഉത്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്ന് റിലയന്‍സുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡാറ്റ സംഭരിക്കുന്നതിനടക്കമുള്ള ഒരു ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക് ചെയിന്‍. സാമ്പത്തിക ഇടപാടുകള്‍ക്ക് പരിധികളില്ലാത്തതും വളരെ എളുപ്പമാര്‍ന്നതുമാണ്. കൂടാതെ കോപ്പി ചെയ്യാതെ തന്നെ വിവരങ്ങള്‍ വികേന്ദ്രീകരിക്കുകയും ചെയ്യുന്നു. 

ജിയോ കോയിന്‍ എന്ന പേരിലാണ് റിലയന്‍സ് ഇതിനായി ആപ്പ് തുടങ്ങുക. സാധാരണ ഒരു ഡേറ്റാബേസില്‍ മാറ്റങ്ങള്‍ വരുത്തുവാനുള്ള അധികാരം കേന്ദ്രീകൃതമായിരിക്കും. അതില്‍ ആരൊക്കെ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നത് ഈ 'കേന്ദ്രം' തീരുമാനിക്കും. ഇതില്‍ നിന്ന് വിപരീതമായി ബ്ലോക്ക്‌ചെയിനില്‍ ഇടപാടുകാര്‍ ആണ് ഇത് തീരുമാനിക്കുന്നത്. ഇതിലൂടെ നടക്കുന്ന ഇടപാടുകളുടെ ഭൂതകാലം ഇടപാടുകാര്‍ക്ക് ലഭ്യമായിരിക്കുമെന്ന് മാത്രമല്ല, അത് മായിച്ച് കളയുകയോ അതില്‍ മാറ്റം വരുത്തുവാനോ സാധിക്കില്ല. 

ഇത്തരം ഇടപാടുകളിലെ വിവരത്തിന്റെ ഒരു ചെറിയ കണ്ണിയെ ബ്ലോക്ക് എന്നും, ഇതിലെ ഇടപാടുകള്‍ സാധൂകരിച്ച് അതിനെ ബ്ലോക്ക്‌ചെയിനില്‍ ചേര്‍ക്കുന്നവരെ മൈനര്‍മാര്‍ എന്നും വിളിക്കുന്നു. നമ്മള്‍ ഇന്ന് ചെയ്യുന്ന പലതരം ഇടപാടുകള്‍ക്കും  ഇത്തരം വികേന്ദ്രീകൃത സംവിധാനം വളരെ അനുയോജ്യമായിരിക്കും എന്നത് ശ്രദ്ധേയമാണ്. ഇത് തന്നെയാണ് ബ്ലോക്ക്‌ചെയിനിന്റെ ഭാവിയും.