പുതിയ സ്‌നാപ്ഡ്രാഗണ്‍ സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ ചിപ്പ് പ്രഖ്യാപിച്ച് ക്വാല്‍കോം. സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 എന്ന പേരിലാണ് പുതിയ ചിപ്പ് പുറത്തിറങ്ങുക. വിലകൂടിയ ഫ്‌ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലാണ് ഈ ചിപ്പ് ശക്തിപകരുക. മെച്ചപ്പെട്ട ഗ്രാഫിക്‌സ്, മികച്ച ഗെയിമിങ് പ്രകടനം, വേഗമേറിയ 5ജി നെറ്റ് വര്‍ക്ക്, മെച്ചപ്പെട്ട ക്യാമറ എന്നിവയെല്ലാം പുതിയ ചിപ്പിന്റെ സവിശേഷതകളാവും.

ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുന്ന ഫോണുകളില്‍ പുതിയ ചിപ്പ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാവോമി, ഓപ്പോ, വണ്‍പ്ലസ്, മോട്ടോറോള തുടങ്ങിയ കമ്പനികള്‍ വരാനിരിക്കുന്ന ഫോണുകളില്‍ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 ചിപ്പ് ഉപയോഗിച്ചേക്കും. 

സ്മാര്‍ട്‌ഫോണ്‍ രംഗത്തെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കമ്പനിയാണ് ക്വാല്‍കോം. ഐഫോണിനോട് കിടപിടിക്കുന്ന മുന്‍നിര ബ്രാന്‍ഡുകളില്‍ പലരും ക്വാല്‍കോമിന്റെ ചിപ്പുകളാണ് ഉപയോഗിക്കുന്നത്. 

4nm ല്‍ നിര്‍മിതമായ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 ചിപ്പില്‍ നാലാം തലമുഖ സ്‌നാപ്ഡ്രാഗണ്‍ എക്‌സ്65 5ജി മോഡമാണുള്ളത്. ഇതുവഴി 10 ഗിഗാബിറ്റ് ഡൗണ്‍ലോഡ് വേഗം കൈവരിക്കാന്‍ സഹായിക്കും. വൈഫൈ 6, 6ഇ യില്‍ 3.6 ജിബിപിഎസ് വരെ വേഗതയും ഇത് നല്‍കും. 

ഫോണിന്റെ പ്രവര്‍ത്തനമികവില്‍ വലിയ മാറ്റമുണ്ടാക്കുകയും നിര്‍മിതബുദ്ധി ജോലികള്‍ മികച്ചതാക്കുകയും ചെയ്യുന്നതിനായുള്ള കമ്പനിയുടെ ഏഴാം തലമുറ എഐ എന്‍ജിന്‍ ഉള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങളും പുതിയ പ്രൊസസര്‍ ചിപ്പില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഗ്രാഫിക്‌സ് റെന്‍ഡറിങ് വേഗതയില്‍ 30 ശതമാനം വര്‍ധനവും ഊര്‍ജസംരക്ഷണത്തില്‍ 25 ശതമാനം മികവും നല്‍കുന്ന ഏറ്റവും പുതിയ അഡ്രിനൊ ജിപിയു ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ക്യാമറയിലാണ് പ്രധാനമാറ്റമുണ്ടാവുക. 18 ബിറ്റ് ഇമേജ് സിഗ്നല്‍ പ്രൊസസര്‍ (ഐഎസ്പി) ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതുവഴി 4000 ഇരട്ടി അധിക ക്യാമറ ഡാറ്റ പകര്‍ത്താന്‍ സാധിക്കും. ഇതുവഴി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച ഡൈനാമിക് റേഞ്ചും, നിറവും, ഷാര്‍പ്പ്‌നെസും കിട്ടും. 8കെ എച്ചിഡിആര്‍ വീഡിയോകള്‍ പകര്‍ത്താന്‍ ഇതില്‍ സാധിക്കും. 

ഏറ്റവും പുതിയ ഐഫോണുകളെ പോലെ വീഡിയോകളില്‍ ഡെപ്ത് ഓഫ് ഫീല്‍ഡ് ഇഫക്ട് നല്‍കുന്ന പ്രത്യേക പോര്‍ട്രെയ്റ്റ് മോഡും ഈ ചിപ്പിലൂടെ ആന്‍ഡ്രോയിഡ് ഫോണുകളിലെത്തും. 

പുതിയ ഐഫോണ്‍ മോഡലുകളോട് വിപണിയില്‍ മത്സരിക്കാനാവും വിധം ആന്‍ഡ്രോയിഡ് ഫോണുകള്‍ അവതരിപ്പിക്കാന്‍ പുതിയ പ്രൊസസര്‍ ചിപ്പ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികളെ സഹായിക്കും.

Content Highlights: Qualcomm Snapdragon 8 Gen 1, Android Phones, Smartphone Chip