മുൻനിര ചിപ്പ് നിർമാതാക്കളായ ക്വാൽകോം 'സ്നാപ്ഡ്രാഗൺ കോൺക്വസ്റ്റ്' എന്ന ഇ സ്പോർട്സ് പരിപാടി ഇന്ത്യയിൽ ആരംഭിച്ചു. ക്വാൽകോമിന്റെ ആദ്യ ഇ സ്പോർട്സ് പരിപാടിയാണിത്. ജെറെന ഫ്രീ ഫയർ ആണ് ടൂർണമെന്റിലെ ആദ്യ ഗെയിം. 50 ലക്ഷം രൂപയാണ് സമ്മാനം. ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് പ്രവേശന ഫീസോ, രജിസ്ട്രേഷൻ ഫീസോ ആവശ്യമില്ല.

സ്മാർട്ഫോണും ആവശ്യത്തിന് ഇന്റർനെറ്റും ഓൺലൈൻ ഗെയിമിങിന്റെ മുഖ്യ ഘടകങ്ങളായി മാറുകയാണ്. എവിടെയും എപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ ഇന്ത്യയിലെ വലിയൊരു ശതമാനം ഗെയിമർമാരും സ്മാർട്ഫോൺ ആണ് അവരുടെ ഗെയിമിങ് ഉപകരണമായി തിരഞ്ഞെടുക്കുന്നത്. ക്വാൽ കോം ഒരു പ്രസ്താവനയിൽ പറഞ്ഞു.

ബാറ്റിൽ റോയേൽ വിഭാഗത്തിൽ പെടുന്ന ജെറെന ഫ്രീ ഫയർ ആണ് ഈ സീസണിലെ ഔദ്യോഗിക ഗെയിം. വർഷത്തിലുടനീളം ഒന്നിലധികം പരിപാടികൾ സ്നാപ്ഡ്രാഗൺ കോൺക്വെസ്റ്റ് സംഘടിപ്പിച്ചേക്കും. ഒന്നിലധികം ഗെയിമുകളും ഇതിൽ ഉൾപ്പെടുത്തും.

Content Highlights:Qualcomm mobile Esports initiative in India with Rs 50 lakh prize money