ഹൈദരാബാദ്: ഓപ്പോയുമായി സഹകരിച്ച് പബ്ജി മൊബൈല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ് മത്സരം അവസാന ഘട്ടത്തില്‍. മാര്‍ച്ച് പത്തിന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. 

പബ്ജി മൊബൈല്‍ ഇന്ത്യ സീരീസ്-2019 ന് വേണ്ടി നാല് ലക്ഷത്തിലധികം മത്സരങ്ങള്‍ സംഘടിപ്പിച്ചുവെന്ന് ടെന്‍സന്റ് ഗെയിംസ് ഇന്ത്യ പറഞ്ഞു. 5.75 ലക്ഷം പേരാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 80 പേര്‍ മാത്രമാണ് ഫൈനലില്‍ എത്തിയത്. ഇരുപത് ടീമുകളാണ് ഫൈനലില്‍ ഉണ്ടാവുക. 

30 ലക്ഷം രൂപയാണ് പബ്ജി ഗെയിം മത്സരത്തിലെ വിജയിക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് പത്ത്‌ ലക്ഷം രൂപയും,  മൂന്നാം സ്ഥാനക്കാര്‍ക്ക് 50,0000 രൂപയും സമ്മാനമായി ലഭിക്കും.

മികച്ച കളിക്കാര്‍ക്ക് എംവിപി അവാര്‍ഡ്, എക്‌സ് ടെര്‍മിനേറ്റേഴ്‌സ്, ഹീലേഴ്‌സ്, റിഡീമര്‍, ലോണ്‍ റേഞ്ചര്‍, റാംപേജ് ഫ്രീക്ക് തുടങ്ങിയ വ്യക്തിഗത പാരിതോഷികങ്ങളും ഉണ്ട്. ഇവര്‍ക്ക് 50000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. 

ഹൈദരാബാദില്‍ നിന്ന് കളി നേരിട്ട് കാണാനുള്ള അവസരമുണ്ട്. ഒപ്പം പബ്ജിയുടെ ഔദ്യോഗിക യൂട്യൂബ്, ഫെയ്‌സ്ബുക്ക് പേജുകളില്‍ മത്സരം ലൈവ് ആയി കാണാം. മാര്‍ച്ച് പത്തിന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ലൈവ് സ്ട്രീമിങ് ആരംഭിക്കുക.

Content Highlights: pubg mobile india Series 2019 final at hyderabad