ദീപാവലിക്ക് തൊട്ടുമുമ്പാണ് പബ്ജി മൊബൈല്‍ ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കുമെന്ന പ്രഖ്യാപനം പബ്ജി കോര്‍പ്പറേഷന്‍ നടത്തിയത്. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകമായി ഒരു ഗെയിം ഉടന്‍ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. 

പബ്ജിയുടെ പകരമെന്നോണം പ്രചാരം നേടിയ ഫൗജി ഗെയിം പ്ലേ സ്റ്റോറില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടും പബ്ജി മൊബൈല്‍ ഇന്ത്യ ഇതുവരെ പുറത്തെത്തിയിട്ടില്ല. പ്രഖ്യാപനം നടത്തിയെങ്കിലും നിരോധനത്തിലിരിക്കുന്ന ഗെയിമിന് തിരികെ വരാന്‍ അധികൃതരുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കാരണം കൊണ്ടുതന്നെ ഗെയിം എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ പബ്ജി മൊബൈല്‍ ഇന്ത്യ ഡയറക്ടര്‍മാര്‍ക്ക്‌പോലും ധാരണ ഇല്ലത്രെ. പബ്ജി മൊബൈലിന്റെ മുന്‍ ഡയറക്ടറും പബ്ജി മൊബൈല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അറിവുമുള്ള ഒരാളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന ശരിയായ സമയം ആര്‍ക്കും അറിയില്ല. പ്രോമോട്ടര്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കു പോലും. സര്‍ക്കാര്‍ എന്തെങ്കിലും നിരോധിച്ചാല്‍ അത് തിരിച്ചുവരിക അവരുടെ ഉത്തരവിലൂടെ മാത്രമായിരിക്കും. റിപ്പോര്‍ട്ടില്‍ പറയുന്നു. 

സര്‍ക്കാരുമായി പബ്ജി അധികൃതര്‍ കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങളിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കമ്പനിയുടെ അപേക്ഷയോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. 

Content Highlights: PUBG Mobile India directors have no idea about game launch