പബ്ജി മൊബൈൽ ഗെയിം തുറക്കുമ്പോൾ ദൃശ്യമാവുന്ന പബ്ജി കോർപറേഷന്റെ ലോഗോ | ഫോട്ടോ: ഷിനോയ് |മാതൃഭൂമി
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രിയ ഗെയിമായ പബ്ജി മൊബൈല്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നില്‍ നഷ്ടമാകുമെന്ന സാഹചര്യത്തില്‍ ഗെയിമിന്റെ നിരോധനം നീക്കിക്കിട്ടാനുള്ള ശ്രമത്തിലാണ് പബ്ജിയുടെ അണിയറപ്രവര്‍ത്തകര്‍.
അതിന് വേണ്ടി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ദക്ഷിണകൊറിയന്‍ കമ്പനിയായ പബ്ജി കോര്പറേഷന് പറഞ്ഞു. പബ്ജി കോര്‍പറേഷനാണ് പബ്ജിമൊബൈലിന്റെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍. ദക്ഷിണ കൊറിയയില്‍ വിജയം നേടിയ ഗെയിം ടെന്‍സെന്റ് ഗെയിംസാണ് ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളിലേക്ക് എത്തിച്ചത്.
എന്നാല്‍ ടെന്സെന്റിലൂടെയുള്ള പബ്ജിയുടെ ചൈനീസ് ബന്ധവും നിരോധനത്തിന് കാരണമായ സാഹചര്യത്തില്‍ ടെന്‍സെന്റിനെ ഒഴിവാക്കി പബ്ജി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നേരിട്ട് ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പബ്ജി കോര്പ്പറേഷന്.
ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നല്കുന്നതിനാല് തന്നെ സര്‍ക്കാരിന്റെ നടപടി പബ്ജി കോര്പറേഷന് പൂര്‍ണമായും മനസിലാക്കുന്നു. ഇന്ത്യന്‍ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടുതന്നെ ഇന്ത്യന്‍ ഗെയിമര്‍മാരെ വീണ്ടും ബാറ്റില്‍ ഗ്രൗണ്ടിലേക്ക് എത്തിക്കുന്നതിന് ഒരു പരിഹാരം കാണാന്‍ ഇന്ത്യന്‍ ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പബ്ജി കോര്പറേഷന് ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട് (പബ്ജി) എന്നതിന്റെ മൊബൈല്‍ പതിപ്പായ പബ്ജി മൊബൈല്‍ ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്പനിയായ പബ്ജി കോര്പറേഷന് വികസിപ്പിച്ചതും കമ്പനിയ്ക്ക ഉടമസ്ഥാവകാശമുള്ളതുമായ ബൗദ്ധിക സ്വത്താണ് എന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ടെന്‍സെന്റിന് പബ്ജി മൊബൈലിന്റെ ഫ്രാഞ്ചൈസി നില്കുന്നതില് നിന്ന് പിന്മാറാന് പബ്ജി കോര്പറേഷന് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ടെന്‍സെന്റ് കൈകാര്യം ചെയ്തിരുന്ന പബ്ജിയുടെ ഗെയിം പ്രബ്ലിഷിങ് പ്രവൃത്തികളെല്ലാം പബ്ജി കോര്പറേഷന് ഏറ്റെടുക്കും.
നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും മറ്റ് ആപ്പ് സ്റ്റോറുകളില്‍നിന്നും ഗെയിം നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഗെയിം കളിക്കാന്‍ സാധിക്കുന്നുണ്ട്. താമസിയാതെ ആ സൗകര്യവും നഷ്ടപ്പെട്ടേക്കാം.
Content Highlights: PUBG corporation decided to cancel PUBG MOBILE franchise of Tencent, PUBG BAN INDIA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..