കൊച്ചി: ഓണ്‍ലൈനില്‍ ഗെയിമുകള്‍ കളിക്കുന്നവരെ തേടിയിറങ്ങിയിരിക്കുകയാണ് തട്ടിപ്പുകാര്‍. ഇന്ത്യയില്‍ നിരോധിച്ച 'പബ്ജി' ഗെയിമുമായി ബന്ധപ്പെട്ടാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. പബ്ജി ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ മുമ്പ് ഉപയോഗിച്ചിരുന്നവര്‍ കളിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഇവര്‍ക്ക് ഗെയിമുമായി ബന്ധപ്പെട്ടുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് തട്ടിപ്പില്‍ പെടുത്തുന്നത്.
ഗെയിം കളിക്കുന്നവര്‍ക്ക് ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. ഇതില്‍ നുഴഞ്ഞുകയറിയാണ് തട്ടിപ്പുകാരുടെ പ്രധാന പ്രവര്‍ത്തനം. ഗെയിം കളിക്കാനായി പണം ചെലവാക്കാന്‍ താത്പര്യമുള്ളവരെ ഇവര്‍ ഗ്രൂപ്പുകളില്‍നിന്ന് കണ്ടെത്തും. ഇവരുമായി ഗെയിമിന്റെ പേരു പറഞ്ഞ് ചാറ്റ് ചെയ്ത് അടുപ്പമുണ്ടാക്കും. ശേഷം 'പബ്ജി അക്കൗണ്ടുകള്‍' വില്‍പ്പന നടത്തുന്നുണ്ടെന്നും. പണം നല്‍കിയാല്‍ ഇത് നല്‍കാമെന്നും അറിയിക്കും. ഗെയിം അഡിക്ഷനായവര്‍ ഇവര്‍ പറഞ്ഞതുപ്രകാരം പണം അയച്ചുനല്‍കാന്‍ തയ്യാറാകും. എന്നാല്‍, അഡ്വാന്‍സായി നല്‍കുന്ന പണം ലഭിക്കുന്നതോടെ തട്ടിപ്പുകാരുടെ ഫോണ്‍ നമ്പറിന്റെ പ്രവര്‍ത്തനം നിലയ്ക്കും.
കഴിഞ്ഞ ദിവസം 5,000 രൂപയ്ക്ക് പബ്ജി അക്കൗണ്ട് വാങ്ങാനായി അഡ്വാന്‍സായി 2,000 രൂപ നല്‍കിയ യുവാവിന്റെ പണം നഷ്ടമായിരുന്നു. ഈ വിവരം കാണിച്ച് എറണാകുളം റൂറല്‍ പോലീസില്‍ യുവാവ് പരാതി നല്‍കിയിട്ടുണ്ട്.
കോവിഡ് സമയത്ത് ഗെയിമുകളോടുള്ള ആസക്തി ജനങ്ങള്‍ക്ക് കൂടിയെന്നും ഇത് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പോലീസ് പറയുന്നത്. തട്ടിപ്പുകാരുടെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഓരോ ആളുകളെയും വീഴ്ത്താനായി ഓരോ സിമ്മുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഇവ പിന്നീട് സ്വിച്ച് ഓഫ് ചെയ്യുന്നതിനാല്‍ത്തന്നെ ഇവരെ പിന്തുടരാന്‍ പോലീസിന് കഴിയുന്നില്ല.
ഗെയിമിന്റെ പേരില്‍ പണം തട്ടിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. തട്ടിപ്പ് തിരിച്ചറിയാനുള്ള ജാഗ്രത ജനങ്ങള്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: pubg account sale fraud