കൊച്ചി: സ്‌പൈ ഉപകരണങ്ങള്‍ ഏതും യാതൊരു നിയന്ത്രണങ്ങളും കൂടാതെ ആര്‍ക്കും വാങ്ങാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കടയില്‍ നിന്നും ഓണ്‍ലൈനായും സമൂഹിക മാധ്യമങ്ങള്‍ വഴിയും ഇവ സുലഭമായി ലഭിക്കും. ഏറിയപങ്കും ചൈനീസ് നിര്‍മിതമാണ്.

'സുരക്ഷാ ഉപകരണങ്ങള്‍' എന്ന പേരിലാണ് ഇത്തരം ഉപകരണങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. നിത്യോപയോഗ വസ്തുക്കളുടെ രൂപത്തിലാണ് പലതും എത്തുന്നത്. ഒരു മൊബൈല്‍ ചാര്‍ജറിന്റെയോ കംപ്യൂട്ടര്‍ മൗസിന്റെയോ രൂപത്തിലായിരിക്കും. ദൃശ്യങ്ങളും ശബ്ദവും മികവോടെ ഇതില്‍ ശേഖരിക്കാം. എളുപ്പത്തില്‍ ലാപ്ടോപ്പിലേക്കും മൊബൈല്‍ ഫോണിലേക്കും ഇതിലെ വിവരങ്ങള്‍ പകര്‍ത്താം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും രാജ്യസുരക്ഷയ്ക്കും ഇത്തരം ഉപകരണങ്ങളുടെ അനിയന്ത്രിത കച്ചവടം ഭീഷണിയാണ്.

രൂപം മാറി, ഭാവവും

മേശപ്പുറത്ത് വെയ്ക്കുന്ന ഡിജിറ്റല്‍ ക്ലോക്കിന്റെ രൂപത്തിലും സിം കാര്‍ഡ് ഉപയോഗിക്കാവുന്ന കംപ്യൂട്ടര്‍ മൗസുകളുടെ രൂപത്തിലുമൊക്കെയാണ് പുതിയ ചോര്‍ത്തല്‍ സംവിധാനങ്ങളെത്തുന്നത്. വാച്ചുകളില്‍ ഒളിപ്പിച്ച ക്യാമറകളും റെക്കോഡിങ് ഉപകരണങ്ങളും ധാരാളം കിട്ടും. മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ ഇട്ട് നിയന്ത്രിക്കുന്ന ഉപകരണങ്ങളാണ് ഇപ്പോള്‍ വ്യാപകം.

നിലവിലുള്ളത് കര്‍ശന നിയമങ്ങള്‍

സൈബര്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തുന്നതും കുറ്റകരമാണ്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള ശിക്ഷകള്‍ക്ക് പുറമേ, ഐ.ടി. നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷയ്ക്ക് വരെ വകുപ്പുള്ളതാണ്. മറ്റൊരാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ മൂന്നുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്താം. പരിധിവിട്ട അശ്ലീലം വാക്കുകളായോ ചിത്രങ്ങളായോ പ്രചരിപ്പിച്ചാലും ശിക്ഷ ലഭിക്കും. അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. കുട്ടികളാണ് ഇരയാകുന്നതെങ്കില്‍ ശിക്ഷ ഏഴു വര്‍ഷമാകും.

ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വഞ്ചിക്കാന്‍ ലക്ഷ്യമിട്ട് സൈബര്‍ വിവരങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. അഞ്ചു ലക്ഷം രൂപ പിഴയും ചുമത്താം. മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. തുടങ്ങിയവ സൈബര്‍ മാധ്യമങ്ങളിലൂടെ കൈമാറുന്നതും കുറ്റകൃത്യമാണ്.

ക്യാമറക്കണ്ണുകള്‍ തിരിച്ചറിയാം

പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നവയല്ല പുതിയതരം ഉപകരണങ്ങള്‍. ക്യാമറ ഡിറ്റക്ടര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാല്‍ ഇവയെ ഒരു പരിധിവരെ പ്രതിരോധിക്കാം. പ്ലേ സ്റ്റോറില്‍ പലതരം ഹിഡന്‍ ക്യാമറ ഡിറ്റക്ടര്‍ ആപ്പുകള്‍ ലഭ്യമാണ്. ഇവ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകളില്‍ സ്ഥാപിച്ച് ഒളിക്യാമറകളെ തിരിച്ചറിയാം. ക്യാമറ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നിടത്ത് ശക്തമായ വൈദ്യുത കാന്തികമണ്ഡലം സൃഷ്ടിക്കപ്പെടും. ഈ സ്ഥലങ്ങളില്‍ നിന്ന് സെല്‍ഫോണില്‍ സംസാരിക്കുമ്പോള്‍ ചെറിയ മൂളല്‍ പോലെയുള്ള ശബ്ദം കേള്‍ക്കാം. ഇലക്ട്രോണിക്‌സ് കടകളില്‍നിന്ന് ലഭിക്കുന്ന വയര്‍ലെസ് ക്യാമറ ഡിറ്റക്ടര്‍ ഉപയോഗിച്ചും മുറിക്കുള്ളിലും മറ്റും ഒളിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ കണ്ടെത്താം.