ഡെറാഡൂണ്‍: പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതിന് അവരുടെ സോഷ്യല്‍ മീഡിയയിലെ പെരുമാറ്റവും പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് പോലീസ് തീരുമാനം.  സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പെരുമാറ്റവും പരിശോധിക്കുക.  

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാന്‍ പാസ് പോര്‍ട്ട് അപേക്ഷാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ സ്വഭാവവും പരിശോധിക്കേണ്ടതുണ്ടെന്നാണ് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറയുന്നത്. 

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും രേഖ നല്‍കരുതെന്ന്  പാസ് പോര്‍ട്ട് നിയമത്തിലെ നിബന്ധനയാണ് ഈ തീരുമാനത്തിനെ പിന്താങ്ങാന്‍ പോലീസ് ചൂണ്ടിക്കാണിക്കുന്നത്. 

ഡല്‍ഹിയില്‍ അടുത്തിടെയുണ്ടായ ട്രാക്ടര്‍ പരേഡിന് സോഷ്യല്‍ മീഡിയ പ്രചോദനം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി പറയുന്നു. ഭരണ ഘടന ഘടന നിര്‍വചിക്കുന്ന പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ് താന്‍ എന്നും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം നിരുത്സാഹപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സന്ദേശങ്ങള്‍ അയക്കുന്നത് കൂടുതല്‍ ഉത്തരവാദിത്വത്തോടെയാവണമെന്നും അദ്ദേഹം പറഞ്ഞു. 

പാസ്പോര്‍ട്ട് അപേക്ഷ നല്‍കിയവര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നടത്താറുണ്ട്. അപേക്ഷര്‍ എന്തെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് കാര്യമായി പരിശോധിക്കാറ്. വീട്ടിലും പരിസരത്തും വന്ന് പരിശോധിക്കുകയും ചെയ്യാറുണ്ട്. 

കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണകൂട വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള കര്‍ശന സോഷ്യല്‍ മീഡിയാ നിയന്ത്രണങ്ങളുടെ ഭാഗമാണ് ഈ തീരുമാനം എന്ന വിമര്‍ശനം ഉയരുന്നുണ്ട്. 

Content Highlights: Polic will check Social Media Behaviour Of Passport Applicants in uttarakhand