ഇന്ത്യയില്‍ മൊബൈല്‍ സേവനം ആരംഭിച്ചതിന്റെ 25-ാം വാര്‍ഷികത്തോടുനുബന്ധിച്ച് സെല്ലുലാര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സിഓഎഐ സംഘടിപ്പിച്ച 'ദേശ് കി ഡിജിറ്റല്‍ ഉഡാന്‍' വെബിനാറില്‍ മൊബൈല്‍ കണക്റ്റിവിറ്റി രംഗത്തെ രാജ്യത്തിന്റെ വളര്‍ച്ചയെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

1995 ജൂലായ് 31 ന് ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ കോള്‍ ചെയ്യുമ്പോള്‍ അതിന്റെ സാധ്യതകള്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. എന്നാല്‍ നമുക്ക് സങ്കല്‍പ്പിക്കാനാവുന്നതിനേക്കാള്‍ മികച്ച രീതിയില്‍ ഡിജിറ്റലായി ബന്ധിപ്പിക്കപ്പെട്ട ഒരു ലോകം എന്താണെന്നുള്ളത് യാഥാര്‍ത്ഥ്യം വരച്ചുകാണിക്കുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു. 

2ജിയില്‍ നിന്നും 5ജിയിലേക്കുള്ള രാജ്യത്തിന്റെ വളര്‍ച്ചയെ കുറിച്ചും ഡിജിറ്റല്‍ വരേണ്യത (ഡിജിറ്റല്‍ എലിറ്റിസം) എങ്ങനെയാണ് ഡിജിറ്റല്‍ ജനാധിപത്യമായും ശാക്തീകരണത്തിനുള്ള ഉപകരണമായും മാറിയതെന്നും അദ്ദേഹം സംസാരിച്ചു. ഡിജിറ്റല്‍ മൊബിലിറ്റി സാമൂഹിക, സാമ്പത്തിക, വിവര രംഗത്തും ചലനാത്മകത സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും ഡിജിറ്റല്‍ കണക്റ്റിവിറ്റി എത്തിക്കുന്നതില്‍ സജീവമായ കമ്പനികള്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നതെന്ന് അദ്ദേഹം പ്രശംസിച്ചു. 

ജനജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഭരണകൂടത്തിന്റെ സഖ്യകക്ഷിയായി ഡിജിറ്റല്‍ കണക്റ്റിവിറ്റിയ്ക്ക് പ്രവര്‍ത്തിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡ്-19 നെതിരായ ഇന്ത്യയുടെ മാതൃകാപരമായ പോരാട്ടത്തില്‍ പോലും ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെ പിന്‍ബലത്തില്‍ പ്രാവര്‍ത്തികമായ ആരോഗ്യ സേതു ആപ്പ് ഒരു മുതല്‍കൂട്ടാണെന്നും അതേസമയം രാജ്യം സ്വാശ്രയത്വത്തിലും സുരക്ഷയിലും ശ്രദ്ധ ചെലുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: PM narendra modi on 25 Years of Mobility in India - Desh Ki Digital Udaan