ന്യഗ്രഹ ജീവികളും പറക്കുംതളികകളും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ആകാശത്ത് അപ്രതീക്ഷിതമായി കാണുന്ന അജ്ഞാത പറക്കും വസ്തുക്കളെ (യുഎഫ്ഒ)യെല്ലാം അന്യഗ്രഹജീവികളോടും പറക്കും തളികയെന്ന് വിളിക്കപ്പെടുന്ന അവരുടെ സഞ്ചാര വാഹനങ്ങളോടും കൂട്ടിവായിക്കുക പതിവാണ്.  അവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെടുകയോ പരസ്യമായി വിശദീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. 

2019 ജനുവരിയില്‍ കറാച്ചിയില്‍ പാകിസ്താന്‍ ഇന്റര്‍നാഷണ്‍ എയര്‍ലൈന്‍സിന്റെ പൈലറ്റുമാര്‍ ഒരു യുഎഫ്ഒയെ കണ്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഒരു വീഡിയോയും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വെള്ളനിറത്തില്‍ വൃത്താകൃതിയിലുള്ള ഒരു വസ്തുവിന്റെ ദൃശ്യമാണ് വീഡിയോയില്‍. 4300 അടി ഉയരത്തില്‍നിന്നാണ് പൈലറ്റുമാര്‍ ഇത് കണ്ടത്. അപ്പോള്‍ തന്നെ ക്രൂ അംഗങ്ങള്‍ അത് റെക്കോര്‍ഡ് ചെയ്യുകയും അത് കറാച്ചിയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും ചെയ്തു. 

ഈ വസ്തുവിന് ചുറ്റും ഒരു ലോഹവലയം ഉണ്ടായിരുന്നുവെന്നും അതിന്റെ കേന്ദ്രത്തില്‍നിന്ന് വെളുത്ത നിറത്തിലുള്ള പ്രകാശം വരുന്നുണ്ടായിരുന്നുവെന്നും വിമാനത്തിലെ കാപ്റ്റന്‍ പറയുന്നു. എന്നാല്‍, ഇത് ചലിക്കുന്നുണ്ടായിരുന്നോ അതോ വായുവില്‍ നില്‍ക്കുകയായിരുന്നോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ല.

ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ദൃശ്യം അമേരിക്കയിലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മ്യൂച്വല്‍ യുഎഫ്ഓ നെറ്റ്‌വര്‍ക്ക് (MUFON)എന്ന സംഘടനയ്ക്ക് പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. അന്യഗ്രഹ ജീവികളെ തേടുകയും അതുമായി വിവിധ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ (കോണ്‍സ്പിരസി തിയറി) അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയാണിത്. 

ഇതില്‍ ഒരാളായ സ്‌കോട്ട് സി വാരിങ് പറയുന്നത് ഇതുപോലുള്ള സംഭവങ്ങള്‍ ഭൂമിയിലെ അന്യഹ്ര ജീവികളുടെ നിലനില്‍പ്പിനുള്ള വ്യക്തമായ തെളിവാണെന്നാണ്. കൂടാതെ തന്നെ പാകിസ്താന്‍ പൈലറ്റ് കണ്ട യുഎഫ്ഒ യഥാര്‍ത്ഥത്തില്‍ ഒരു 'ഫൂ ഫൈറ്റര്‍' ആവാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധവിമാനങ്ങളെ പിന്തുടരുന്ന തളികാ സമാനമായ വൃത്താകൃതിയിലുള്ള അജ്ഞാതവസ്തുക്കളെ പൈലറ്റുമാര്‍ വിളിച്ചിരുന്ന പേരാണ് ഫൂ ഫൈറ്റര്‍. 

"അത് നൂറ് ശതമാനവും രണ്ടാം ലോകമഹായുദ്ധകാലത്ത് സമുദ്രങ്ങള്‍ക്ക് മുകളില്‍ വിമാനങ്ങളെ പിന്തുടര്‍ന്നിരുന്ന വൃത്താകൃതിയിലുള്ള അതേ ഫൂ ഫൈറ്റര്‍ തന്നെയാണ്. കറാച്ചിയില്‍ കടല്‍ തീരത്ത് തന്നെയാണ് ഇതും കണ്ടെത്തിയത്. യുഎഫ്ഒ ഗവേഷണത്തിലെ ഏറ്റവും ഫോക്കസ് ചെയ്യപ്പെട്ട ഫോട്ടായാണത്. അന്യഗ്രഹ ജീവികള്‍ ഇപ്പോഴും വിമാനങ്ങളെ പിന്തുടരുന്നുണ്ടെന്നും മനുഷ്യന്റെ പ്രവര്‍ത്തികളെ നിരീക്ഷിക്കുന്നുണ്ടെന്നുള്ളതിനുമുള്ള വ്യക്തമായ തെളിവ്." വാരിങ് തന്റെ വെബ്‌സൈറ്റില്‍ പറഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പ് മുന്‍ ഇസ്രായേലി സ്‌പേസ് സെക്യുരിറ്റി മേധാവി ഹായിം ഇഷദ് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെകുറിച്ച് സംസാരിച്ചിരുന്നു. അന്യഗ്രഹ ജീവികള്‍ കാലങ്ങളായി ഭൂമിയിലുണ്ടെന്നും അമേരിക്കയ്ക്ക് അത് അറിയാമെന്നും ഗാലക്ടിക് ഫെഡറേഷന്‍ എന്ന പേരില്‍ ഒരു സഖ്യമുണ്ടെന്നുമെല്ലാം അദ്ദേഹം പറയുകയുണ്ടായി. ഇപ്പോള്‍ വീണ്ടും യുഎഫ്ഒയും അന്യഗ്രഹ ജീവികളും ചര്‍ച്ചയാവുകയാണ്.

Content Highlights: Pilot captures UFO over ocean in PAK proof of alien existence