ജക്കാര്‍ത്ത: ലോകത്ത് ഇന്റര്‍നെറ്റ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മേഖല തെക്ക് കിഴക്കന്‍ ഏഷ്യയാണ്. ഇന്റര്‍നെറ്റ് ഏറ്റവും ഉപയോഗിക്കുന്ന രാജ്യമാകട്ടെ ഫിലിപ്പീന്‍സും. പ്രതിദിനം  ശരാശരി പത്ത് മണിക്കൂര്‍ രണ്ട് മിനിറ്റ് നേരമാണ് ഫിലിപ്പീന്‍കാരുടെ ഇന്റര്‍നെറ്റ് ഉപയോഗ സമയം. തായ്‌ലാന്‍ഡും ഇന്‍ഡൊനീഷ്യയും ഈ പട്ടികയിലെ ആദ്യ അഞ്ചില്‍ ഉള്‍പ്പെടുന്നു. ഹൂട്ട് സ്യൂട്ടും വീആര്‍ സോഷ്യലും പുറത്തുവിട്ട ഡിജിറ്റല്‍ ഇന്‍ 2019 എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

മൂന്നാം സ്ഥാനത്തുള്ള തായ്‌ലാന്‍ഡിലെ ആളുകള്‍ ദിവസവും ശരാശരി ഒമ്പത് മണിക്കൂറും 11 മിനിറ്റുമാണ് ഇന്റര്‍നെറ്റില്‍ ചിലവഴിക്കുന്നത്. ഇന്‍ഡൊനീഷ്യയാകട്ടെ ദിവസവും ശരാശരി എട്ട് മണിക്കൂര്‍ 36 മിനിറ്റാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 

തെക്ക് കിഴക്കന്‍ ഏഷ്യയിലേയും ലാറ്റിനമേരിക്കയിലേയും വികസ്വര രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് ഉപയോഗ സൂചികയില്‍ മുന്നിലുള്ളത്. ബ്രസീലും കൊളംബിയയുമാണ് രണ്ടാമതും നാലാമതുമുള്ളത്.

സൂചികയില്‍ മുന്നില്‍ മാത്രമല്ല പിന്നിലും ഏഷ്യന്‍ പ്രാതിനിധ്യമുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗ സൂചികയില്‍ ഏറ്റവും കുറവ് സമയം ഇന്റര്‍നെറ്റില്‍ ചിലവഴിക്കുന്നത് ജപ്പാന്‍ ആണ്. പ്രതിദിനം മൂന്ന് മണിക്കൂര്‍ 45 മിനിറ്റ് നേരമാണ് ജപ്പാന്‍കാരുടെ ഇന്റര്‍നെറ്റ് ഉപയോഗ സമയം.

ആഗോള ജനതയുടെ57 ശതമാനം ഇപ്പോള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോളതലത്തില്‍ പ്രതിദിനം ശരാശരി 6.5 മണിക്കബര്‍ ആണ് ഇന്റര്‍നെറ്റ് ഉപയോഗം. 

മൊബൈല്‍ ഫോണ്‍ വഴിയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ സജീവമാകുന്നത്. മാത്രവുമല്ല സോഷ്യല്‍ മീഡിയയിലാണ് ഏറ്റവും അധികം സമയം ചിലവിടുന്നത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്നും ഡിജിറ്റല്‍ 2019 റിപ്പോര്‍ട്ടില്‍ പറയുന്നു.

36 കോടി ആളുകള്‍ ആദ്യമായി ഓണ്‍ലൈനില്‍ എത്തിയത് 2018 ല്‍ ആണെന്ന് റിപ്പോര്‍ട്ടിന്റെ പിന്നില്‍ പ്രവര്ത്തിച്ച സൈമണ്‍ കെംപ് പറഞ്ഞു. പ്രതിദിനം ശരാശരി ഒരു ലക്ഷം പേര്‍ പുതിയ ഉപയോക്താക്കള്‍ ഇന്റര്‍നെറ്റില്‍ വരുന്നുണ്ടെന്നും കെംപ് പറയുന്നു. 

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 10 കോടിയാളുകളുടെ വര്‍ധനവാണ് ഇവിടെയുണ്ടായത്. ഇന്റര്‍നെറ്റില്‍ കഴിഞ്ഞ വര്‍ഷം പെട്ടെന്നൊരു കുതിച്ചുചാട്ടം നടത്തിയ രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വളര്‍ച്ച 41 ശതമാനമാണ്.

Content Highlights: Philippines tops world internet usage index