ന്യൂഡല്‍ഹി: പ്രമുഖ ഡിജിറ്റല്‍ വാലറ്റ് ആപ്പായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. അടുത്തിടെ ഉള്‍പ്പെടുത്തിയ ഫാന്റസി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പോളിസിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് നീക്കം ചെയ്തത്. അതേസമയം പേടിഎമ്മിന്റെ ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ കാസിനോ ആപ്ലിക്കേഷനുകള്‍ക്കും മറ്റ് വാതുവെപ്പ് ആപ്ലിക്കേഷനുകള്‍ക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വിലക്കുണ്ട്. പേടിഎം ആപ്പിനുള്ളിലെ ഫാന്റസി സ്‌പോര്‍ട്‌സ് എന്ന സേവനമാണ് പ്ലേസ്റ്റോറിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നത്. പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന പേരില്‍ പ്രത്യേക ആപ്ലിക്കേഷനുമുണ്ട്. ഈ ആപ്ലിക്കേഷനും  പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിലും ഫാന്റസി ക്രിക്കറ്റ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണം ഉപയോഗിച്ചുള്ള വാതുവെപ്പും ഇതിലുണ്ടായിരുന്നു. ഈ കാരണത്താലാണ് ഇതിനെ നീക്കം ചെയ്തത്.

പ്ലേസ്റ്റോറില്‍ നിന്ന് പുതിയതായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനെ ഇപ്പോള്‍ പ്രശ്‌നങ്ങളുള്ളു. നിലവില്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പേ ടിഎം ആപ്പ് വഴി സാധാരണയിലെന്നപോലെ പണമിടപാടുകള്‍ സാധ്യമാണ്. 

പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്യപ്പെട്ട കാര്യം പേ ടിഎം സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിനെ തിരികെ എത്രയും പെട്ടെന്ന് പ്ലേസ്റ്റോറില്‍ എത്തിക്കുമെന്നും നിലവിലെ ഉപയോക്താക്കളുടെ പണം നഷ്ടമാകില്ലെന്നും പേടിഎമ്മിന്റെ ട്വീറ്റില്‍ പറയുന്നു.

കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവെപ്പുകള്‍ക്ക് സഹായിക്കുന്ന സംവിധാനങ്ങള്‍ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ ഗൂഗിള്‍ ആപ്പ് ഡെവലപ്പര്‍മാരെ അറിയിച്ചിരുന്നതാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കാനിരിക്കെയാണ് മറ്റ് ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പെന്നോണം ഈ ഗൂഗിളിന്റെ നടപടി. 

Content Highlights:Paytm App Pulled From Google Play, Paytm First Games Removed Alongside