ടെക് ഭീമന്മാരുടെ തലപ്പത്ത് ഒരു ഇന്ത്യൻ സാന്നിധ്യം കൂടി. സോഷ്യൽ മീഡിയ കമ്പനിയായ ട്വിറ്റർ അവരുടെ പുതിയ മേധാവിയായി ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ (Parag Agrawal) നിയമിച്ചു. ട്വിറ്ററിന്റെ തന്നെ ചീഫ് ടെക്നിക്കൽ ഓഫീസറായി ജോലി ചെയ്തുവന്നിരുന്ന പരാഗിനെ മുൻ മേധാവി ജാക്ക് ഡോർസിയുടെ പകരക്കാരനായി കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. ട്വിറ്റർ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി നവംബർ 29 നാണ് സോഷ്യൽ മീഡിയ ഭീമനുമായുള്ള തന്റെ 16 വർഷത്തെ ബന്ധം അവസാനിപ്പിച്ചത്. 2015 മുതൽ ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവായി തുടരുന്ന ഡോർസിയുടെ രാജി ബോർഡ് അംഗങ്ങൾ അംഗീകരിച്ചു. എന്നിരുന്നാലും 2022 മെയ് വരെ അദ്ദേഹം ട്വിറ്ററിന്റെ ബോർഡിൽ അംഗമായി തുടരും.

മുംബൈ സ്വദേശിയായി പരാഗ് അഗ്രവാൾ ഐഐടി ബോംബെയിൽ നിന്നാണ് ബിരുദം നേടിയത്. കൂടാതെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും നേടി. 2011 ഒക്ടോബറിൽ ആഡ്സ്  എഞ്ചിനീയറായി ട്വിറ്ററിൽ ചേർന്ന അദ്ദേഹം താമസിയാതെ തന്നെ കമ്പനിയുടെ സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന പദവിയിലേക്ക് ഉയർന്നു. ഒരു പതിറ്റാണ്ടിലേറെയായി കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന അദ്ദേഹത്തെ 2017 ഒക്ടോബറിലാണ് ചീഫ് ടെക്നോളജി ഓഫീസറായി നിയമിച്ചത്. ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, മൈക്രോസോഫ്റ്റ്, യാഹൂ, എടി ആൻഡ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ ഗവേഷണ വിഭാഗത്തിൽ അഗർവാൾ ജോലി ചെയ്തിരുന്നു.

ട്വിറ്ററിന്റെ സാങ്കേതിക വശങ്ങളുടെ മേൽനോട്ടം വഹിച്ച അദ്ദേഹം, മെഷീൻ ലേണിങ് സാങ്കേതിക വിദ്യയുടെ ഉപയോഗം കമ്പനിയിലുടനീളം മുന്നോട്ട് കൊണ്ടു വരുകയും സോഫ്റ്റ്വെയർ വികസനത്തിന്റെ വേഗത മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്തു. 2019 ഡിസംബർ മുതൽ, ട്വിറ്ററിലെ അധിക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളെ ചെറുക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പ്രൊജക്റ്റ് ബ്ലൂ സ്‌കൈ ( Project Bluesky ) യിൽ പ്രവർത്തിച്ചു വരുകയായിരുന്നു അദ്ദേഹം. ഒരു എൻജിനീയർ എന്ന നിലയിൽ നിർമ്മിത ബുദ്ധി, ആഡ് നെറ്റ്വർക്കുകൾ എന്നിവയിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ട്വിറ്റർ പോലുള്ള ഒരു കമ്പനിക്ക് നിർണായകമാണ്.

'സ്ഥാപകരിൽ നിന്ന് സ്വയമേ മുന്നോട്ട് പോകാൻ കമ്പനി തയ്യാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാലാണ്  ട്വിറ്റർ വിടാൻ ഞാൻ തീരുമാനമെടുത്തത്, ട്വിറ്ററിന്റെ സിഇഒ എന്ന നിലയിൽ പരാഗിലുള്ള എന്റെ വിശ്വാസം അഗാധമാണ്. കഴിഞ്ഞ 10 വർഷത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പരിവർത്തനാത്മകമാണ്. അവന്റെ കഴിവുകൾക്കും സ്‌നേഹത്തിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഇത് ഇനി അവന് നയിക്കുവാനുള്ള സമയമാണ് ' സ്ഥാനമൊഴിഞ്ഞ മുൻ സ്ഥാപകൻ ജാക്ക് ഡോർസി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ട്വിറ്ററിന്റെ പുതിയ മേധാവിയായി നിയമിതനായതോടെ സുന്ദർ പിച്ചൈ, സത്യ നാദെല്ല എന്നിവരോടൊപ്പം സിലിക്കൺ വാലിയിലെ പ്രമുഖ ഇന്ത്യൻ സിഇഒ മാരുടെ പട്ടികയിലേക്ക്  പരാഗ് അഗർവാളും ഇടം പിടിച്ചു.

Content Highlights : India-born IITian Parag Agrawal becomes Twitter CEO