Photo: Oppo, Xiaomi
ന്യൂഡല്‍ഹി : വരുമാനം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഷാവോമി, ഓപ്പോ എന്നീ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് 1000 കോടി രൂപ പിഴ ചുമത്തുമെന്ന് ആദായ നികുതി വകുപ്പ്. ആദായ നികുതി വകുപ്പ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ കമ്പനികളുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഈ കമ്പനികള്‍ക്ക് നേരെ തന്നെയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പോ, ഷാവോമി എന്നീ കമ്പനികളുടെ സ്ഥാപനങ്ങളില്‍ അടുത്തിടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
5000 കോടി രൂപയുടെ വ്യാജ വായ്പയുമായി ബന്ധപ്പെട്ട് ഇരു കമ്പനികള്‍ക്ക് നേരേയും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങളും നിരവധി രേഖകളും അധികൃതര്‍ പിടിച്ചെടുത്തതായാണ് വിവരം.
കമ്പനികളിലൊന്നിന് 300 കോടിയുടെ ടിഡിഎസ് ബാധ്യതയുണ്ട്. റോയല്‍റ്റിയെന്ന വ്യാജേന വിദേശത്തുള്ള കമ്പനികള്‍ക്ക് വേണ്ടി അവരുടെ പേരില്‍ പണമയച്ചിട്ടുണ്ട്. ഇത് 5500 കോടിയിലേറെ രൂപ വരും. നികുതി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് കമ്പനികളും അനുബന്ധ കമ്പനികളുമായുള്ള ഇടപാടുകള്‍ വെളിപ്പെടുത്തുന്നതിന് 1961 ലെ ആദായനികുതി നിയമം അനുസരിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള ഉത്തരവുകള്‍ പാലിച്ചിട്ടില്ല. 'ഇത്തരം വീഴ്ചകൾ 1964 ലെ ആദായനികുതി നിയമം അനുസരിച്ച് 1000 കോടിയിലേറെ രൂപ പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയമാണ്', പ്രസ്താവനയില്‍ പറഞ്ഞു.
സംശയാസ്പദമായ രീതിയിലുള്ള വിദേശ ഫണ്ട് ഇടപാടുകളും കണ്ടെത്തി. ചെലവുകളും പണമിടപാടുകളും പെരുപ്പിച്ച് കാണിച്ചതായും കണ്ടെത്തി. ഇത് വഴി ലാഭം കുറച്ചുകാണിക്കാന്‍ സാധിച്ചു. ഇതില്‍ ഒരു കമ്പനിയുടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് മാതൃരാജ്യത്ത് നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനിയുടെ ഇന്ത്യന്‍ ഡയറക്ടര്‍മാര്‍ക്ക് കമ്പനിയുടെ മാനേജ്‌മെന്റില്‍ യാതൊരു പങ്കുമില്ലെന്നും പേരിന് മാത്രമാണ് ഇവരുടെ ഡയറക്ടര്‍സ്ഥാനങ്ങളെന്നും കണ്ടെത്തിയിട്ടുണ്ട്.
ഡിസംബര്‍ 21 നാണ് ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
Content Highlights: Oppo, Xiaomi can be fined Rs 1000 crore for violating the law Income Tax department
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..