ബെംഗളുരു: മലയാളികളുടെ നേതൃത്വത്തിലുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ട് അപ്പായ 'ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്' കണ്‍സ്യൂമര്‍ നിയോ-ബാങ്കിങ് പ്ലാറ്റ്‌ഫോമായ ഫിനിനിനെ(Finin) ഏറ്റെടുത്തു. ഒരു കോടി ഡോളറിന്റെ (75.83 കോടിയിലേറെ രൂപ) പണവും ഓഹരിയും ഉള്‍പ്പെടുന്ന ഇടപാടാണ് നടന്നത്. ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട ആദ്യ കണ്‍സ്യൂമര്‍ നിയോ ബാങ്കിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഫിനിന്‍. 2019 ലാണ് ഇത് ആരംഭിച്ചത്. 

യുണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സിന്റെയും അര്‍ചന പ്രിയദര്‍ശിനിയുടെയും പിന്തുണയിലായിരുന്നു ഫിനിന്‍. പണം സൂക്ഷിക്കാനും നിക്ഷേപിക്കാനും സാധിക്കുന്ന സേവിങ്‌സ് അക്കൗണ്ടുകളാണ് ഫിനിന്‍ വാഗ്ദാനം ചെയ്യുന്നത്. 

ആഗോള ടെക് കമ്പനിയായ ഗൂഗിളില്‍ നിന്നുള്‍പ്പെടെ 10 കോടി ഡോളറിന്റെ മൂലധന നിക്ഷേപമുള്ള സ്ഥാപനമാണ് ഓപ്പണ്‍. ഏറ്റെടുക്കലിലൂടെ  കമ്പനിയുടെ പുതിയ സേവനങ്ങളായ 'സ്വിച്ച്' (എംബെഡഡ് ഫിനാന്‍സ് പ്ലാറ്റ്ഫോം), ബാങ്കിങ്സ്റ്റാക്ക് (ഇന്ത്യയിലെ പതിനഞ്ചില്പരം ബാങ്കുകള്‍ ഉപയോഗിക്കുന്ന ക്ലൗഡ് അധിഷ്ഠിത എസ്.എം.ഇ. ബാങ്കിങ് പ്ലാറ്റ്ഫോം) എന്നിവ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ഓപ്പണ്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ സ്വദേശിയായ അനീഷ് അച്യുതന്‍, ഭാര്യ തിരുവല്ല സ്വദേശി മേബല്‍ ചാക്കോ, അനീഷിന്റെ സഹോദരന്‍ അജീഷ് അച്യുതന്‍, 'ടാക്‌സി ഫോര്‍ ഷുവര്‍' സി.എഫ്.ഒ. ആയിരുന്ന മല്ലപ്പള്ളി സ്വദേശി ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017-ല്‍ പെരിന്തല്‍മണ്ണയില്‍ തുടങ്ങിയ സംരംഭത്തിന്റെ പ്രവര്‍ത്തന മേഖല ഇപ്പോള്‍ ബെംഗളൂരുവിലാണ്. എം.എസ്.എം.ഇകള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പണമിടപാടുകള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ സഹായിക്കുന്ന പുതുതലമുറ ബാങ്കിങ് സേവനമാണ് 'ഓപ്പണ്‍' ഒരുക്കുന്നത്. 

ക്ലൗഡ് നേറ്റീവ് എന്റര്‍പ്രൈസ് ബാങ്കിങിലും എംബഡഡ് ഫിനാന്‍സ് മേഖലയിലും ഫിനിന്‍ ഏറ്റെടുക്കലിലൂടെ ഓപ്പണിന്റെ തന്ത്രപരമായ മൂല്യം വര്‍ധിപ്പിക്കുമെന്ന് ഓപ്പണ്‍ സഹ സ്ഥാപകനും സിഇഒയുമായി അനീഷ് അച്യുതന്‍ പറഞ്ഞു. ഇന്ന് തങ്ങളുടെ ക്ലൗഡ് നേറ്റീവ് എന്റര്‍പ്രൈസ് ബാങ്കിംഗ് സേവനമായ ബാങ്കിംഗ് സ്റ്റാക്കിലൂടെ ഇന്ത്യയിലെ 15 ബാങ്കുകള്‍ക്കും തെക്ക്-കിഴക്കന്‍ ഏഷ്യയിലെ 2 ബാങ്കുകള്‍ക്കും ബിസിനസ്സ് ബാങ്കിംഗ് മേഖലയില്‍ പിന്തുണ നല്‍കുന്നുണ്ട്. ഫിനിന്‍ ഓപ്പണിന്റെ ഭാഗമാവുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ ബാങ്കിംഗ് അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ബാങ്കുകള്‍ക്ക് സമഗ്രമായ ബിസിനസ്സ്, ഉപഭോക്തൃ ബാങ്കിംഗ് നിര്‍ദ്ദേശങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ആദ്യമായി ഫിനിന്‍ ആരംഭിച്ചപ്പോള്‍, ഫിന്‍ടെക് വ്യവസായത്തില്‍ ഒരു മുഖമുദ്ര പതിപ്പിക്കുമെന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നിയോ-ബാങ്കിംഗിലൂടെ എന്തുചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുക്കുമെന്നും തന്റെ ടീമിനോട് പറഞ്ഞിരുന്നുവെന്നും. ഇപ്പോള്‍ ഓപ്പണിന്റെ ഏറ്റെടുക്കലോടെ, തങ്ങള്‍ ആ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്നും ഫിനിന്‍ സഹസ്ഥാപകനും മേധാവിയുമായ സുമന്‍ ഗന്ധം പറഞ്ഞു. 

Content Highlights: Open acquires consumer neo-banking platform Finin for 10 Million dollar