നിയമവിരുദ്ധ വീഡിയോകള്‍ നിരോധിക്കുമെന്ന് ഒണ്‍ലി ഫാന്‍സ് വെബ്‌സൈറ്റ്.  നിരവധി ഓൺലൈൻ സെലിബ്രിറ്റികളുടെ അക്കൗണ്ടുകൾ ഉണ്ടെങ്കിലും നഗ്ന വീഡിയോകളും ഉള്ളടക്കളും ലഭ്യമാകുന്നതിന്റെ പേരില്‍ മാത്രം പ്രശസ്തി നേടിയ വെബ്‌സൈറ്റാണ് ഒണ്‍ലി ഫാന്‍സ്. നിയമവിരുദ്ധ ഉള്ളടക്കങ്ങളോട് ഒണ്‍ലി ഫാന്‍സ് സഹിഷ്ണുത കാണിക്കുന്നുവെന്ന ബിബിസി അന്വേഷണ റിപ്പോര്‍ട്ടിനെ തുര്‍ന്നാണ് തീരുമാനം. 

ഒക്ടോബര്‍ ഒന്നുമുതല്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് ഒണ്‍ലി ഫാന്‍സിന്റെ പ്രഖ്യാപനം. ജനപ്രിയമായ ചില അക്കൗണ്ടുകളില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ വന്നാലും ചില ഇളവുകള്‍ കമ്പനി നല്‍കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ചോര്‍ന്നുകിട്ടിയ ചില രേഖകളുടെയും ആശങ്കകളുടെയും അടിസ്ഥാനത്തില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതികരണമാരാഞ്ഞ് ബിബിസി കമ്പനിയെ സമീപിച്ചിരുന്നു. 

നിയമവിരുദ്ധമായ സെക്‌സ് വീഡിയോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാലും നഗ്ന ചിത്രങ്ങളും വീഡിയോകളും സൈറ്റില്‍ തുടര്‍ന്നും അനുവദിക്കുമെന്നാണ് ഒണ്‍ലി ഫാന്‍സ് പറയുന്നത്. 

18 വയസില്‍ താഴെയുള്ളവരിലേക്ക് അശ്ലീല ഉള്ളടക്കം എത്തുന്നത് തടയുന്നതില്‍ ഒണ്‍ലി ഫാന്‍സ് പരാജയപ്പെട്ടുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റില്‍ വേശ്യാവൃത്തി പരസ്യം ചെയ്യുക, ഭവനരഹിതരായ ആളുകളെ ലൈംഗികമായി ചൂഷണം ചെയ്യുക ഉള്‍പ്പടെയുള്ള കുറ്റകരമായ പ്രവൃത്തികള്‍ ഒണ്‍ലി ഫാന്‍സില്‍ പങ്കുവെക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിലെ വെളിപ്പെടുത്തലുകൾ പലതും കമ്പനി നിഷേധിക്കുന്നുണ്ട്. 

12 കോടിയിലേറെ വരിക്കാരുള്ള വെബ്‌സൈറ്റാണ് ഒണ്‍ലി ഫാന്‍സ്. ഫാഷൻ മോഡലുകളും പോണ്‍ താരങ്ങളും ഈ വെബ്‌സൈറ്റില്‍ ആരാധകര്‍ക്ക് വേണ്ടി മാത്രമായി വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്. മാസ വരിസംഖ്യ നല്‍കുന്നവര്‍ക്കാണ് ഒണ്‍ലി ഫാന്‍സ് വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങളിലേക്ക് പ്രവേശനമുള്ളത്. 'ക്രിയേറ്റര്‍'മാര്‍ക്ക് ലഭിക്കുന്ന തുകയുടെ 20 ശതമാനം കമ്പനിയും ഈടാക്കുന്നു.