ഓണ്‍ലൈനില്‍ ചതിക്കുഴിയായി മാറുകയാണ് റമ്മി കളി. ലോക്ക്ഡൗണ്‍ കാലത്ത് ലാഭക്കൊതിയുമായി ചൂതാട്ടത്തിന് ഇറങ്ങിയവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. കൂലിവേലക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ കബളിപ്പിക്കപ്പെട്ടവരില്‍ പെടുന്നു. കടബാധ്യതയില്‍ ജീവനൊടുക്കിയവരിലെ അവസാനത്തെ ഇരയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ വിനീത്.
പണമുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന വാഗ്ദാനവുമായാണ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്. ചതിക്കുഴി മനസിലാക്കാതെ നിരവധിയാളുകളാണ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ എല്ലാം നഷ്ടപ്പെട്ടിരിക്കും.
ഓണ്‍ലൈന്‍ റമ്മി കള്‍ചര്‍, റമ്മി സര്‍ക്കിള്‍, ജംഗിള്‍ റമ്മി, റമ്മി ഗുരു, ഏസ് റമ്മി, റമ്മി പാഷന്‍, സില്‍ക്ക് റമ്മി ആപ്പുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ആപ്പുകളില്‍ ലഭിക്കുന്ന 13 കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കളി. ഗെയിമിന്റെ വാലറ്റില്‍ പണം അയക്കണം. 200 രൂപയ്ക്കും 500 രൂപയ്ക്കുമെല്ലാം കളി ജയിക്കാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ പണമിറക്കാന്‍ തുടങ്ങും. 5000 ലേക്കും 10000 ലേക്കും കളി മാറും. പണം നഷ്ടമാവുമ്പോള്‍ 500 ഉം 1000 ഉം ബോണസായി നല്‍കി കളി തുടരാന്‍ പ്രേരിപ്പിക്കും. വലിയ തുകയ്ക്ക് കളിക്കുമ്പോള്‍ കാര്‍ഡുകള്‍ നല്‍കാതിരിക്കുകയും തിരിമറി നടത്തുകയും ചെയ്യും. ചൂതാട്ടത്തില്‍ അടിമപ്പെട്ട് ഒടുവില്‍ കടക്കെണിയില്‍ പെടും. എല്ലാം നഷ്ടപ്പെട്ടവയില്‍ ആത്മഹത്യയില്‍ ഉത്തരം കണ്ടെത്തും.
17 പേരാണ് തമിഴ്‌നാട്ടില്‍ മാത്രം ജീവനൊടുക്കിയത്. കേരളത്തില്‍ പുറത്തറിഞ്ഞ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലിലെ വിനീതിന്റെ ദാരുണാന്ത്യം.
1960 ലെ ഗെയിമിങ് ആക്ട് പ്രകാരം പണം കൊണ്ടുള്ള വാതുവെപ്പുകളും കളികളും നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പരിധിയില്‍ കഴിവും ബുദ്ധിശക്തിയും ആവശ്യമുള്ള ഗെയിമുകള്‍ വരില്ലെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഈ ഗണത്തിലാണ് റമ്മികളി. അതിനാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് കേസെടുക്കാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്.
Content Highlights: online rummy game app frauds