രാജ്യത്ത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ചൂഷണം വ്യാപകമായിരിക്കുകയാണ്. ഇത്തരം ആപ്ലിക്കേഷനുകള്‍ നടത്തിവരുന്ന ചൂഷണം മൂലം വിവിധ സംസ്ഥാനങ്ങളായി നിരവധി പേര്‍ ആത്മഹത്യ ചെയ്തതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇത്തരം ആപ്ലിക്കേഷനുകള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വളരെ എളുപ്പം ലോണ്‍ വാഗ്ദാനം ചെയ്താണ് ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ്  ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരും അടിയന്തിരമായി പണം ആവശ്യമായിട്ടുള്ളവരുമാണ് ഇത്തരം ആപ്പുകളുടെ വലയിലാവുന്നത്. 

വലയിലാക്കുന്നതിങ്ങനെ

ഇടപാടുകാരെ കിട്ടാന്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ പല വഴികളിലൂടെ ബന്ധപ്പെടാറുണ്ട്.ഓണ്‍ലൈന്‍ റമ്മി ആപ്ലിക്കേഷനുകളെ പോലെ നിരവധി ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളും നിലവിലുണ്ട്. ഇവയില്‍ പണം നഷ്ടപ്പെടുന്ന ഉപയോക്താക്കളിലേക്ക് പണം കടം തരാമെന്ന വാഗ്ദാനവുമായി ഇത്തരം ആപ്ലിക്കേഷനുകള്‍ രംഗപ്രവേശം ചെയ്യും. ചിലപ്പോള്‍ ചൂതാട്ട വാതുവെപ്പ് ആപ്ലിക്കേഷനുകളുമായി നേരിട്ട് ബന്ധമുള്ളവയായിരിക്കാം ഈ ലോണ്‍ ആപ്പുകള്‍. ഓണ്‍ലൈന്‍ പരസ്യങ്ങള്‍, എസ്എംഎസ്, ഇമെയില്‍, പോലുള്ള മാര്‍ഗങ്ങളിലൂടെയും മോഹവാഗ്ദാനങ്ങളിലൂടെ ഇവര്‍ ഇരകളെ കണ്ടെത്തും. 

എളുപ്പം പണം ലഭിക്കും

വലിയ പേപ്പര്‍ ജോലികളില്ലാതെ എളുപ്പം പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആളുകളെ ആകര്‍ഷിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. ഇങ്ങനെ പണമെടുക്കുന്നവര്‍ വലിയ പലിശ നിരക്കിനെ വകവെക്കാറുമില്ല. എന്നാല്‍ നാട്ടിലെ ബ്ലേഡ് പലിശക്കാരെ പോലെ കഴുത്തറുപ്പന്‍ പലിശ ചുമത്തിക്കൊണ്ടാണ് ഈ ആപ്പുകളില്‍ പലതും ലോണ്‍ നല്‍കുന്നത്. കൃത്യമായി അടയ്ക്കാന്‍ സാധിച്ചാല്‍ എളുപ്പം രക്ഷപ്പെടാം എന്നാല്‍ വീഴ്ച വന്നാല്‍ കളിമാറും. 

പണം തിരിച്ചുവാങ്ങാന്‍ വഴിവിട്ട കളികള്‍

പണം തിരികെ വാങ്ങാന്‍ ഏത് വൃത്തികെട്ട കളിയും കളിക്കും ഇത്തരം ആപ്ലിക്കേഷനുകള്‍.. ഇത്തരം സ്ഥാപനങ്ങള്‍ ഉപയോക്താക്കളുടെ മൊബൈല്‍ ഫോണില്‍ നിന്നും കോണ്‍ടാക്ടുകള്‍, ചിത്രങ്ങള്‍  പോലുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നും അവ ഭീഷണിപ്പെടുത്താനും നാണംകെടുത്താനും ഉപയോഗിക്കുന്നുണ്ടെന്നും പരാതി ലഭിച്ചതായി തെലങ്കാന പോലീസ് പറയുന്നു. 

അടുത്തിടെ കോഴിക്കോട് ജോലി ചെയ്യുന്ന അരവിന്ദ് എന്നയാളുടെ അനുഭവം ഇങ്ങനെയാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഫോണില്‍ ഒരു സന്ദേശം ലഭിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ലോണ്‍ എടുത്തിട്ടുണ്ടെന്നും തിരിച്ചടച്ചിട്ടില്ലെന്നും അറിയിച്ചുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. 

സന്ദേശത്തില്‍ ലോണ്‍ എടുത്തയാളിന്റെ പേര്, വിലാസം, എത്രനാളായി ലോണ്‍ അടച്ചിട്ടില്ല, ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണുണ്ടായിരുന്നത്. 

സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നയാളുമായി ഈ അരവിന്ദിന് അടുത്ത ബന്ധമൊന്നുമില്ല. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത്. സന്ദേശം കണ്ട് ആ നമ്പറില്‍ വിളിച്ചപ്പോഴാണ് അയാള്‍ ഒരു ആപ്ലിക്കേഷനില്‍ നിന്നും ലോണ്‍ വാങ്ങിയിരുന്നുവെന്നും അത് തിരിച്ചടയ്ക്കാനുണ്ടെന്നും അരവിന്ദ് സ്ഥിരീകരിച്ചത്. 

SMSഇവിടെ നടന്നത് എന്താണെന്ന് വ്യക്തമായിക്കാണുമല്ലോ. ലോണ്‍ വാങ്ങിയ വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന അരവിന്ദിന്റെ നമ്പറിലേക്കാണ് സന്ദേശം വന്നത്. ആ ആപ്ലിക്കേഷന്‍ അയാളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് ചോര്‍ത്തിയിരിക്കുന്നു.  നാണം കെടുത്താനെന്നവണ്ണം സുഹൃത്തുക്കളെയെല്ലാം അയാള്‍ ലോണ്‍ എടുത്ത വിവരം സന്ദേശമയച്ച് അറിയിക്കുന്നു. 

ഈ രീതിയില്‍ ഫോണില്‍ നിന്നും ശേഖരിച്ച ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നും, മറ്റുമുള്ള നിരന്തര ഭീഷണി താങ്ങാനാവാതെയാണ് ചിലര്‍ ആത്മഹത്യയില്‍ പരിഹാരം കണ്ടത്. 

നിയമവിരുദ്ധമാണ് ഈ ആപ്പുകളില്‍ മിക്കതും

റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും ഉപയോഗിച്ച് പണം നല്‍കാനാവൂ. പലിശയും അത് ഈടാക്കുന്ന രീതികളും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച ചട്ടങ്ങള്‍ അനുസരിച്ചേ പാടുള്ളൂ. എന്നാല്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള രാജ്യത്തെ ഒരു നിയന്ത്രണാധികാര കേന്ദ്രങ്ങളെയും വകവെക്കാതെ തീര്‍ത്തും അനധികൃതമായും നിയമവിരുദ്ധമായുമാണ് പല ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളും പ്രവര്‍ത്തിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. 

ഈ കെണി ഹൈടെക്ക് ആണ്, സൂക്ഷിക്കണം

ഒരു വ്യക്തിയുടെ മുഴുവന്‍ പണമിടപാട് വിവരങ്ങളും കൈക്കലാക്കിയാവാം ഇത്തരം ആപ്പുകള്‍ ഒരോരുത്തരേയും ബന്ധപ്പെടുന്നത്. അതിനായി ആധുനിക വിവര വിശകലന സാങ്കേതിക വിദ്യകളും നിര്‍മിതബുദ്ധിയുമെല്ലാം ഉപയോഗിക്കുന്നു. ഒരാള്‍ക്ക് പണം ആവശ്യമുണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ അത്തരക്കാരെ സമീപിക്കുന്നത്. നിലവില്‍ ഫോണില്‍ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകള്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ഒരാളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ ശേഖരിക്കുന്നത്. ആമസോണിലും ഫെയ്‌സ്ബുക്കിലുമെല്ലാം വ്യക്തിഗത പരസ്യങ്ങള്‍ കാണുന്നില്ലേ അതുപോലെ. 

ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ അനധികൃതമായി ഫോണില്‍ നിന്നും ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍വ്യക്തമാക്കുന്നത്. സ്വകാര്യ ചിത്രങ്ങളും മറ്റും ഈ രീതിയില്‍ ചോര്‍ന്നു പോയേക്കാം. ക്യാമറയും മൈക്കും ഈ ആപ്പുകള്‍ക്ക് അനധികൃതമായി ദൂരെ നിന്നും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കാം. മറ്റുള്ളവരെ സന്ദേശം അയച്ച് അറിയിക്കുന്നത് ഒരു പക്ഷെ സഹിക്കാനായേക്കാം. എന്നാല്‍ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെട്ടാല്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചെന്ന് വരില്ല.

Content Highlights: online loan app trap