ബെയ്ജിങ്: അടുത്തിടെ വണ്‍പ്ലസ് അവതരിപ്പിച്ച പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ വണ്‍പ്ലസ് 8 പ്രോ ഒരു വലിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഫോണിലെ ക്യാമറ ആപ്പിലെ ഒരു ഫില്‍റ്ററാണ് വണ്‍പ്ലസിനെ പൊല്ലാപ്പിലാക്കിയത്. വസ്ത്രങ്ങള്‍ക്കും പ്ലാസ്റ്റിക്കിനും അകത്തുള്ളത് എന്താണെന്ന് കാണാന്‍ ഈ ക്യാമറ ഫീച്ചറിലൂടെ സാധിക്കും. 

ഇത് വലിയ സ്വകാര്യതാ പ്രശ്‌നമാണ് ഉയര്‍ത്തിക്കാണിക്കപ്പെട്ടതോടെ വണ്‍പ്ലസിന് ആ ഫീച്ചര്‍ പിന്‍വലിക്കേണ്ടി വന്നു. ചൈനീസ് സോഷ്യല്‍ മീഡിയ സേവനമായ വേയ്‌ബോയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒടിഎ അപ്‌ഡേറ്റിലൂടെയാണ് വിവാദമായ ഫില്‍റ്റര്‍ ക്യാമറയില്‍നിന്നു നീക്കം ചെയ്യുക.

വണ്‍പ്ലസ് 8 പ്രോയിലെ 5എംപി കളര്‍ ഫില്‍റ്റര്‍ ഇന്‍ഫ്രാറെഡ് ക്യാമറയില്‍ ഫോട്ടോക്രോം എന്നൊരു ഫില്‍റ്റര്‍ ഓപ്ഷനുണ്ട്. അത് ഉപയോഗിക്കുമ്പോള്‍ ചില വസ്തുക്കള്‍ക്ക് അപ്പുറത്ത് എന്താണെന്ന് കാണാന്‍ സാധിക്കും. ഉപകരണങ്ങളുടെ പ്ലാസ്റ്റിക് കവചത്തിനുള്ളില്‍ എന്താണെന്നും വസ്ത്രങ്ങള്‍ അടക്കമുള്ള തുണിത്തരങ്ങളുടെ ഉള്ളില്‍ വെച്ചതെല്ലാം കാണാന്‍ സാധിക്കും. വസ്തുക്കളുടെ കാഠിന്യം കുറയുന്നതിനനുസരിച്ച് കാഴ്ചയ്ക്കും വ്യക്തതയുണ്ടാവും. 

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ നദിയ മൊയ്തുവും മോഹന്‍ലാലും ചേര്‍ന്നുള്ള തമാശരംഗത്തെ ഓര്‍മിപ്പിക്കുന്ന സമാനമായ സാങ്കേതിക വിദ്യ തന്നെ. വേണ്ടി വന്നാല്‍ ഒരാളുടെ നഗ്നത കാണാന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. കനം കുറഞ്ഞ തുണികളാണെങ്കില്‍ വ്യക്തത കൂടും. 

മുമ്പ് 1998-ല്‍ സോണി ഇത്തരത്തില്‍ ഒരു വീഡിയോ ക്യാമറ പുറത്തിറക്കിയിരുന്നു. വിവാദമായതോടെ അത് പിന്നീട് കമ്പനിയ്ക്ക് പിന്‍വലിക്കേണ്ടി വന്നു. 

Content Highlights: OnePlus 8 Pro's color filter controversy company says it will be disabled