PSLV C54 LAUNCH | Photo: Mathrubhumi
ശ്രീഹരിക്കോട്ട: സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉൾപ്പെടെ ഒമ്പതു ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 11.56-ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നായിരുന്നു വിക്ഷേപണം. പി.എസ്.എൽ.വി.-സി. 54 റോക്കറ്റ് ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചു. ദൗത്യം വിജയകരമാണെന്നു പ്രഖ്യാപിച്ച ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
പി.എസ്.എൽ.വി.യുടെ 56-ാമത്തെയും പി.എസ്.എൽ.വി. എക്സ്.എൽ. പതിപ്പിന്റെ 24-ാമത്തെയും വിക്ഷേപണദൗത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഉപഗ്രഹം 1172 കിലോ ഭാരമുള്ള ഓഷ്യൻസാറ്റാണ്. ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കേണ്ടതിനാൽ ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ (ഒ.സി.ടി.) ഉപയോഗിച്ചാണ് ദൈർഘ്യമേറിയ പ്രക്രിയ പൂർത്തിയാക്കിയത്. വിക്ഷേപിച്ച് ഏകദേശം 17 മിനിറ്റിൽ 742 കിലോമീറ്റർ ഉയരത്തിൽ ഓഷ്യൻസാറ്റ്-3 വേർപെട്ടു. തുടർന്ന്, റോക്കറ്റ് താഴ്ത്തിയാണ് മറ്റു ഉപഗ്രഹങ്ങൾ സ്ഥാപിച്ചത്. ദൗത്യം പൂർത്തിയാക്കാൻ ഏതാണ്ട് 2.17 മണിക്കൂർ സമയമെടുത്തു.
ഭൂട്ടാനുവേണ്ടിയുള്ള ഐ.എൻ.എസ്. 2-ബി, ബെംഗളൂരു കേന്ദ്രമായ പിക്സൽ സ്റ്റാർട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദ് ധ്രുവ സ്പേസിന്റെ അസ്ട്രോകാസ്റ്റ് (നാല് ഉപഗ്രഹങ്ങൾ), യു.എസിൽനിന്നുള്ള തൈബോൾട്ട് (രണ്ട്) എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിക്ഷേപിച്ച ചെറു ഉപഗ്രഹങ്ങൾ. ഭൂട്ടാൻ ആദ്യമായാണ് ബഹിരാകാശത്ത് ഇടംപിടിക്കുന്നത്. ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ ഭൂട്ടാനിലെ ശാസ്ത്രജ്ഞർ നിർമിച്ച 30 സെന്റീമീറ്റർ മാത്രം വലുപ്പമുള്ള ഉപഗ്രഹമാണ് ഐ.എൻ.എസ് 2ബി. 30 കിലോ ഭാരമുള്ള ഉപഗ്രഹം ദിവസത്തിൽ മൂന്നുതവണ ഭൂട്ടാന്റെ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കും.
സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് 1999 മേയ് 26-നായിരുന്നു.
2009 സെപ്റ്റംബർ ഒമ്പതിന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹത്തിന്റെ കാലാവധി 2014-ൽ അവസാനിച്ചതായിരുന്നുവെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കാലാവസ്ഥാപ്രവചനം, മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം, തീരദേശ നിരീക്ഷണം എന്നിവ ഓഷ്യൻസാറ്റ്-മൂന്ന് മുഖേന തുടരും. ഓഷ്യൻസാറ്റ്-3, ഐ.എൻ.എസ്.-2 ബി ഒഴികെയുള്ളവ വാണിജ്യവിക്ഷേപണങ്ങളാണ്.
Content Highlights: Oceansat-3 and other satellites in orbit
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..