nvidia | Photo: Getty images
വീഡിയോ കോൺഫറൻസുകൾക്കിടയിൽ നേരിടുന്ന ചില വലിയ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന നിർമിത ബുദ്ധി സാങ്കേതിക വിദ്യയുമായി എൻവിഡിയ. എന്‍വിഡിയ മാക്സിൻ എന്ന പേരിൽ ഒരു ക്ലൗഡ് അധിഷ്ടിത സോഫ്റ്റ് വെയറാണ് എൻവിഡിയ അവതരിപ്പിച്ചിരിക്കുന്നത്.
ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റിന്റെ പിന്തുണയിൽ വീഡിയോ കോളുകൾക്കിടിയിലും വീഡിയോ സ്ട്രീമിങൂകൾക്കിടയിലും ഉണ്ടാവുന്ന സിഗ്നൽ പ്രശ്നങ്ങൾ, നോയ്സ് എന്നിവ പരിഹരിച്ച് സുഗമവും വ്യക്തവുമായ വീഡിയോ സ്ട്രീമിങ് നടത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്.
ആഗോള തലത്തിൽ ഇന്ററ്‍നെറ്റ് ട്രാഫിക്കിന്‍റെ മുഖ്യ പങ്കും വീഡിയോ കോൺഫറൻസുകളും വീഡിയോ സ്ട്രീമിങും കയ്യടക്കിയിരിക്കുന്ന സാഹചര്യത്തിൽ ഏറെ വഴിത്തിരിവാകുന്ന കണ്ടുപിടിത്തമാണിത്. കൂടുതൽ ലളിതമായി പറഞ്ഞാൽ വീഡിയോ കോൺഫറൻസിനിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയാണ് ഈ ക്ലൗഡ് അധിഷ്ടിത എഐ വീഡിയോ കോൺഫറൻസിങ് സോഫ്റ്റ് വെയറിലൂടെ
ഗേസ് കറക്ഷൻ അഥവാ നോട്ടം ക്രമീകരിക്കൽ, റസലൂഷൻ വർധിപ്പിക്കൽ , നോയ്സ് കാൻസലേഷൻ, മുഖത്തെ വെളിച്ചം വർധിപ്പിക്കുന്ന ഫേസ് റീലൈറ്റിങ് ഉൾപ്പടെയുള്ള കഴിവുകൾ ഈ സാങ്കേതിക വിദ്യയ്ക്കുണ്ട്.
നെറ്റ് വർക്ക് പ്രശ്നങ്ങൾ മൂലമാണ് വീഡിയോ കോൺഫറൻസുകള്‍ക്കിടയിലെ പ്രശ്നങ്ങൾ പലതും സംഭവിക്കുന്നത്. വീഡിയോകൾ വ്യക്തതയില്ലാതെ മുറിഞ്ഞുപോവുക, മങ്ങുക തുടങ്ങിയ പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. എൻവിഡിയയുടെ പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിലൂടെ വീഡിയോ കോളുകൾക്ക് വേണ്ട ബാൻഡ് വിഡ്ത് വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കും
ക്യാമറ പകർത്തുന്ന വീഡിയോയിലെ മുഴുവൻ പിക്സലുകളും സ്ട്രീം ചെയ്യുന്നതിന് പകരം വ്യക്തിയുടെ മുഖത്തെ ചലിക്കുന്ന പ്രധാന പോയിന്റുകൾ സോഫ്റ്റ് വെയർ തിരിച്ചറിയുകയും മുഖ ചിത്രം പകര്‍ത്തുകയും ചെയ്യും. ഇങ്ങനെ പകർത്തുന്ന ചിത്രം സ്ട്രീമിങിനിടെ നിങ്ങളെ കാണുന്നവരുടെ സ്ക്രീനിൽ ആനിമേറ്റ് ചെയ്ത് കാണിക്കുകയാണ് ചെയ്യുക.ലളിതമായി പറഞ്ഞാൽ നിങ്ങളുടെ ഫേഷ്യൽ പോയിന്റുകളും നിങ്ങളുടെ മുഖചിത്രവും മാത്രമേ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കൂ. ഇവ ഉപയോഗിച്ച് അനിമേഷൻ സാധ്യമാക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ കൂടുതൽ വ്യക്തമാവാൻ എൻവിഡിയ പുറത്തുവിട്ട വീഡിയോ കണ്ടാൽ മതി.
എൻവിഡിയയുടെ ഗ്രാഫിക്സ് പ്രൊസസിങ് യൂണിന്‍റെ പിന്തുണയിലാണ് ഈ ക്ലൗഡ് അധിഷ്ടിത സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നത്. ഇതുവഴി എച്ച്264 സ്ട്രീമിങ് വീഡിയോ കംപ്രഷൻ സ്റ്റാന്റേർഡിന് അനുസൃതമായി വീഡിയോ ബാന്റ് വിഡ്ത് ഉപയോഗം പത്തിലൊന്നായി കുറക്കാനാവുമെന്ന് എൻവിഡിയ അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഫോണിലും ടാബിലും കംപ്യൂട്ടറിലുമെല്ലാം വ്യക്തതയോടെ വീഡിയോകോളിങ് ലഭ്യമാവുകയും ചെയ്യും.
Content highlights : NVIDIA Announces Cloud-AI Video-Streaming Platform
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..