നത്തിങ് ഫോണിന് വേണ്ടിയുള്ള സ്കെച്ചുകളിൽ ഒന്ന് | Photo Source: wallpaper.com
യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങിന്റെ ആദ്യ സ്മാര്‍ട്ഫോണായ 'നത്തിങ് ഫോണ്‍ 1' താമസിയാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ തിയ്യതി ഇതുവരെ അറിയിച്ചിട്ടില്ല. എന്നാല്‍ ജൂലായ് 21 ന് ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍.
ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നുണ്ട്. സുതാര്യമായ ബാക്ക് പാനലായിരിക്കും ഈ ഫോണിന്റെ പ്രധാന സവിശേഷത.
നത്തിങ് ഫോണ്‍ 1 ജൂലായ് 21 ന് പുറത്തിറക്കുമെന്നാണ് ജര്‍മ്മന്‍ പ്രസിദ്ധീകരണമായ ഓള് റൗണ്ട് പിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 500 യൂറോ ആയിരിക്കും ഇതിന് വിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഏകദേശം 41400 രൂപ വരും. ഫോണിന്റെ നിറങ്ങള്‍, സ്റ്റോറേജ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
വണ്‍പ്ലസിന്റെ സഹസ്ഥാപകനും നത്തിങിന്റെ സ്ഥാപകനുമായ കാള്‍ പെയ് അടുത്തിടെ പങ്കുവെച്ച ട്വീറ്റ് അനുസരിച്ച് ഫോണില്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുണ്ടാവും. നത്തിങ് നേരത്തെ പുറത്തിറക്കിയ നത്തിങ് ഇയര്‍ 1 എന്ന ഇയര്‍ബഡുകള്‍ക്കും സുതാര്യമായ കവചത്തോടുകൂടിയ രൂപകല്പനയാണ്. ഇത് തന്നെ ഫോണില്‍ ആവര്‍ത്തിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
കാള്‍ പേയും, കമ്പനിയുടെ ഡിസൈന്‍ മേധാവിയായ ടോം ഹോവാര്‍ഡും നത്തിങ് ഇയര്‍ 1 ന്റെ ചില സവിശേഷതകള്‍ ഫോണില്‍ ആവര്‍ത്തിക്കുമെന്ന് സ്ഥിരീകരിച്ചതായി വാള്‍പേപ്പര്‍.കോം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഉള്ളിലുള്ളതിനെ പുറത്ത് കാണിക്കുകയെന്ന തത്വത്തില്‍ നിന്നുകൊണ്ടുള്ള രൂപകല്പനയാണ് തങ്ങള്‍ ആഗ്രഹിച്ചത് എന്ന് ടോം ഹോവാര്‍ഡ് പറയുന്നു.
'ഒരു സ്മാര്‍ട്ഫോണില്‍ തട്ടുകളായി സ്ഥാപിച്ച 400 ല്‍ ഏറെ ഘടകഭാഗങ്ങളുണ്ട്. അതില്‍ 'നല്ലതിനെ', ഊന്നല്‍ നല്കിയാല് നല്ലതായിരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്ന വസ്തുക്കളെ ആഘോഷമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' ഹോവാര്‍ഡ് പറഞ്ഞു.
സുതാര്യമായ ബാക്ക് പാനലിനുള്ളിലെ ക്യാമറകള്‍, ചാര്‍ജിങ് കോയിലുകള്‍ ഉള്‍പ്പടെ ക്യാമറയ്ക്കുള്ളിലെ ചില പ്രധാന ഭാഗങ്ങളെ എടുത്തു കാണും വിധത്തിലായിരിക്കും ഡിസൈന്‍.
സാധാരണ ആൻഡ്രോയിഡ് ഫോണുകൾക്കുള്ളിലെ ഭാഗങ്ങളെല്ലാം തന്നെ സമാനമായ രീതിയിലായിരിക്കും ക്രമീകരിച്ചിട്ടുണ്ടാവുക. സുതാര്യമായ രൂപകൽപനയ്ക്ക് വേണ്ടി ഈ പതിവിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനോ പുറത്തുകാണുന്ന ഘടക ഭാഗങ്ങൾക്ക് വ്യത്യസ്ത നിറങ്ങൾ നൽകാനും നത്തിങ് ശ്രമിച്ചേക്കും.
ഇതിനോട് ഇണങ്ങുന്ന വിധത്തില്‍ സവിശേഷമായ വാള്‍പേപ്പറുകള്‍, വിഡ്ഗെറ്റുകള്, ശബ്ദങ്ങള്‍ എന്നിവയും നത്തിങ് ഓഎസും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..