നോക്കിയ ഫോണുകളില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റ് ഉടനെത്തും. നോക്കിയ 2.4, നോക്കിയ 3.4 ഉള്‍പ്പടെയുള്ള ഫോണുകളില്‍ ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റ് ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി പങ്കുവെച്ച ട്വീറ്റ് ഉടന്‍ തന്നെ പിന്‍വലിക്കപ്പെട്ടു. പങ്കുവെച്ച ഇന്‍ഫോഗ്രാഫിക്‌സില്‍ എന്തെങ്കിലും പിഴവുകള്‍ ഉണ്ടായതാവാം കാരണമെന്നാണ് കരുതുന്നത്. 

എന്തായാലും  അധികം വൈകാതെ തന്നെ ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റ് നോക്കിയ ഫോണുകളില്‍ എത്തുമെന്നാണ് ഈ ട്വീറ്റ് വ്യക്തമാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അപ്‌ഡേറ്റ് ഫോണുകളില്‍ എത്തുമെന്നാണ് നോക്കിയ മൊബൈല്‍ ട്വീറ്റില്‍ പറയുന്നത്. 

നോക്കിയ 2.2, നോക്കിയ 5.3 ഫോണുകളില്‍ ഈ വര്‍ഷം അവസാനത്തോടെയും നോക്കിയ 1.3, നോക്കിയ 4.2 , നോക്കിയ 2.4, നോക്കിയ 3.4, നോക്കിയ 2.3 ഫോണുകളില്‍ 2021 ആദ്യമാസങ്ങളോടെയും അപ്‌ഡേറ്റ് ലഭിക്കും. നോക്കിയ 3.2, നോക്കിയ 7.2, നോക്കിയ 6.2യ, നോക്കിയ 1 പ്ലസ്, നോക്കിയ 9 പ്യുവര്‍ വ്യൂ, എന്നീ ഫോണുകളില്‍ 2021 രണ്ടാം പാദത്തിലും അപ്‌ഡേറ്റ് ലഭിക്കും. നോക്കിയ 7 പ്ലസ് ഫോണ്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

നോക്കിയ മൊബൈല്‍ ട്വിറ്ററില്‍ നിന്നും നീക്കംചെയ്ത ട്വീറ്റിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് സംബന്ധിച്ച പുതിയ പ്രഖ്യാപനം എച്ച്എംഡി ഗ്ലോബല്‍ നടത്തിയിട്ടില്ല. 

Content Highlights: nokia phones android 11 update hmd global