ജാപ്പനീസ് ഇലക്ട്രോണിക് ബ്രാന്റായ സോണിയെ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത ആരെയും അമ്പരപ്പിക്കുന്നു. സോണി മ്യൂസിക്, സോണിയുടെ ഗെയിമിങ് ഡിവിഷനായ സോണി ഇന്ററാക്റ്റീവ് എന്റര്‍ടെയ്ന്‍മെന്റ് ഉള്‍പ്പടെ എല്ലാ ഡിവിഷനുകളും മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയാണെന്ന് പറയുമ്പോള്‍ അമ്പരപ്പ് ഉണ്ടാകാതിരിക്കുന്നത് എങ്ങനെയാണ്?
സ്പാനിഷ് വെബ്‌സൈറ്റായ 'മൈക്രോസോഫ്‌റ്റേഴ്‌സ്' ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് പിന്നീട് ഇഎന്‍24 എന്ന വെബ്‌സൈറ്റ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ എതിരാളികളായ സോണി കോര്‍പ്പിനെ 13,000 കോടി ഡോളറിന്റെ ഇടപാടിലൂടെ ഏറ്റെടുത്തുവെന്നാണ് വാര്‍ത്ത.
എന്നാല്‍, ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. മൈക്രോസോഫ്റ്റ് സോണിയെ ഏറ്റെടുത്തിട്ടില്ല. മുന്‍നിര മാധ്യമങ്ങളൊന്നും തന്നെ ഈ സാങ്കേതിക വിദ്യാ, വാണിജ്യരംഗത്തെ ഈ സുപ്രധാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെങ്കിലും അത് പിന്നീട് നീക്കം ചെയ്തു.
വാര്‍ത്ത പുറത്തു വന്നിട്ട് മണിക്കൂറുകളായിട്ടും മൈക്രോസോഫ്‌റ്റോ സോണിയോ ഇത് സംബന്ധിച്ച പ്രസ്താവനകള്‍ പുറത്തുവിട്ടിട്ടില്ല. മാത്രവുമല്ല, വിവിധങ്ങളായ ഔദ്യോഗിക നടപടികളിലൂടെ മാത്രമേ ഇത്തരം ഒരു ഇടപാട് സാധ്യമാവുകയുള്ളൂ.
പ്രത്യേകിച്ചും രണ്ട് രാജ്യങ്ങളിലെ കമ്പനികള്‍ തമ്മിലുള്ള ഇടപാടാവുമ്പോള്‍, അതാത് രാജ്യങ്ങളിലെ നിയന്ത്രണാധികാര കേന്ദ്രങ്ങളില്‍നിന്നുള്ള വിവിധ പരിശോധനകള്‍ മറികടക്കേണ്ടതുണ്ട്. അത് രഹസ്യമായി നടത്താനും സാധ്യമല്ല. സുതാര്യവും പരസ്യവുമായ ഔദ്യോഗിക നടപടികളിലൂടെ മാത്രമേ കമ്പനികള്‍ക്ക് ഈ ഏറ്റെടുക്കല്‍ സാധ്യമാവുകയുള്ളൂ.
Content Highlights: no microsoft did not aquire sony