വിശ്വസിക്കാന്‍ കൊള്ളാത്ത സ്ഥാപനങ്ങളെ ഇന്ത്യക്കാരുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ കയ്യാളാന്‍ അനുവദിക്കില്ലെന്ന് നിയമം / ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ്. സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയ്ക്ക് അനുകൂലമാണെന്നും എന്നാല്‍ ആ സംവിധാനത്തെ ചൂഷണം ചെയ്യാനോ നിരുത്തരവാദപരമായി വിവരങ്ങളുടെ കൈമാറ്റം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
ഇന്ത്യക്കാരുള്‍പ്പടെ ആഗോള തലത്തിലുള്ള കോടിക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ നിന്നും അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് ഡാറ്റാ വിശകലന സ്ഥാപനം കേബ്രിജ് അനലിറ്റിയ്ക്കയ്ക്ക് സര്‍ക്കാര്‍ ഇതിനോടകം നോട്ടീസ് അയച്ചിട്ടുണ്ട്. അതിന് മറുപടിക്ക് കാത്തിരിക്കുകയാണ്. വിശ്വാസ്യതയില്ലാത്ത ആരെയും വ്യക്തിവിവരങ്ങള്‍ വെച്ച് കളിക്കാന്‍ അനുവദിക്കുകയില്ല. സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള പ്രചാരണത്തിന് അനുകൂലമാണ്. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വെച്ച് കളിക്കരുത്. അദ്ദേഹം പറഞ്ഞു.
 
കേബ്രിജ് അനലിറ്റിക്ക എന്ന വിവര വിശകലന സ്ഥാപനം കോടിക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുകയും അത് 2016 തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളുടെ വിവരങ്ങള്‍ കേബ്രിജ് അനലിറ്റിക്ക അനധികൃതമായി ശേഖരിച്ചിരുന്നുവെന്ന് ഫെയ്‌സ്ബുക്ക് പിന്നീട് വ്യക്തമാക്കുകയുണ്ടായി.
 
ഇതേ തുടര്‍ന്ന് മാര്‍ച്ചില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കേബ്രിജ് അനലിറ്റിക്കയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ മാസമാണ് രണ്ടാമതൊരു നോട്ടീസ് കൂടി അയച്ചത്. ഈ നോട്ടീസിന് മറുപടി ലഭിച്ചാലുടന്‍ തുടര്‍നടപടി തീരുമാനിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
 
അതേസമയം ഉപഭോക്തൃവിവരങ്ങളുടെ സംരക്ഷണത്തിനായുള്ള പുതിയ നിയമത്തിനായുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഇതിനായി ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു പത്തംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി അടുത്തമാസം നിയമത്തിന്റെ അന്തിമ രൂപം സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.