ന്യൂഡല്‍ഹി: വിവരങ്ങളുടെ സംരക്ഷണത്തിനായി, പ്രത്യേകിച്ചും ഡിജിറ്റല്‍ പണമിടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളുടെ സംരക്ഷണത്തിനായി സമഗ്രപദ്ധതി തയ്യാറാക്കാന്‍ നീതി ആയോഗിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
'നിലവില്‍ ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട സ്വകാര്യതയും വിവരങ്ങളും സംരക്ഷിക്കാനായി ഇന്ത്യയില്‍ നിയമങ്ങളൊന്നും തന്നെയില്ല. ഐടി ആക്റ്റിലെ സെക്ഷന്‍ 43(എ) മാത്രമാണ് അടിസ്ഥാനപരമായ നിയമ സംരക്ഷണം നല്‍കുന്നത്.' നീതി ആയോഗ് അതിന്റെ ത്രിവത്സര കര്‍മപദ്ധതിയില്‍ പറയുന്നു.
സ്വകാര്യത പൗരന്റെ മൗലീകാവകാശമാണെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് ഇങ്ങനെ ഒരു തീരുമാനമുണ്ടായതെന്നത് ശ്രദ്ധേയമാണ്.
നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായതും ബഹുരാഷ്ട്ര ഐടി കമ്പനികള്‍ രാജ്യത്ത് സ്വാധീന മുറപ്പിച്ചതും ഡിജിറ്റല്‍ ലോകത്തെ പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണ പ്രക്രിയക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ഡിജിറ്റല്‍ പണമിടപാടുകള്‍ സംബന്ധിച്ച് കര്‍ശനമായ നിയമ നിര്‍മ്മാണങ്ങളുണ്ടായില്ലെങ്കില്‍ അത് വിവരങ്ങളുടെ ചോര്‍ച്ചയ്ക്ക് കാരണമായേക്കുമെന്നും അത് വലിയ പ്രത്യാഘാതങ്ങള്‍ വരുത്തിവെക്കുമെന്നുമുള്ള ആശങ്ക അധികാരികള്‍ക്കുണ്ട്.
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കൃത്യമായ ചട്ടക്കൂട് നിര്‍മ്മിക്കുന്നതുവഴി പൗരന്‍മാരുടെ സ്വകാര്യതയും വിവരങ്ങളും സംരക്ഷിക്കുന്നതോടൊപ്പം നികുതി ചോര്‍ച്ചയ്ക്ക് തടയിടാനാകുമെന്നും വിലയിരുത്തപ്പെടുന്നു.