ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപന ജോലിക്കായി എന്‍.ഡി. ടി.വിയില്‍നിന്നു രാജിവെച്ച ടെലിവിഷന്‍ ജേണലിസ്റ്റും വാര്‍ത്താ അവതാരകയുമായ നിധി റസ്ദാന്‍ താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്ത്. താന്‍ സങ്കീര്‍ണമായ 'ഫിഷിങ്' ആക്രമണത്തിന് ഇരയായി എന്നാണ് നിധി റസ്ദാന്റെ വെളിപ്പെടുത്തല്‍.
രണ്ട് ദശാബ്ദക്കാലത്തോളം ടെലിവിഷന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചു വന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ നിധി ഹാര്‍വാഡ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് 2020 ജൂണില്‍ ചാനലില്‍നിന്നു ജോലി രാജിവെച്ചത്. ഹാര്‍വാഡ് സര്‍വകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ടതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.
2020 സെപ്റ്റംബറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. എന്നാല്‍ കോവിഡ്-19 സാഹചര്യമായതിനാല്‍ 2021 ജനുവരിയിലാണ് ഹര്‍വാഡില്‍ ക്ലാസ് തുടങ്ങുക എന്ന അറിയിപ്പ് കിട്ടി. എന്നാല്‍, ഈ കാലതാമസങ്ങള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയങ്ങളില്‍ ഭരണപരമായ അപാകതകള്‍ താന്‍ ശ്രദ്ധിച്ചുതുടങ്ങിയെന്ന് നിധി പറഞ്ഞു.
I have been the victim of a very serious phishing attack. I’m putting this statement out to set the record straight about what I’ve been through. I will not be addressing this issue any further on social media. pic.twitter.com/bttnnlLjuh
— Nidhi Razdan (@Nidhi) January 15, 2021
കോവിഡ് കാലത്ത് സാധാരണമാണെന്ന് കരുതി തുടക്കത്തില്‍ അത് അവഗണിച്ചു. എന്നാല്‍, അടുത്തിടെ കൂടുതല്‍ അസ്വസ്ഥമാക്കുന്ന അനുഭവങ്ങള്‍ ഉണ്ടായതോടെയാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന അധികാരികളെ നേരിട്ട് സമീപിച്ചത്. സര്‍വകലാശാലയില്‍നിന്ന് ലഭിച്ചതാണെന്ന് താന്‍ വിശ്വസിച്ച ചില സന്ദേശങ്ങള്‍ അവരുമായി പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് താന്‍ സംഘടിതവും സങ്കീര്‍ണവുമായ ഫിഷിങ് ആക്രമണത്തിന് ഇരയായതായി തിരിച്ചറിഞ്ഞതെന്ന് നിധി ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നു.
സംഭവത്തില്‍ നിധി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും കമ്പനിയുടേയോ സ്ഥാപനത്തിന്റേയോ പേരില്‍ ഇ മെയിലുകള്‍ വഴി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന സൈബറാക്രമണ രീതിയാണ് ഫിഷിങ്.
ഇന്ത്യയില്‍ ഇത്തരം അക്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രത്യേകിച്ചും, നൗക്കരി.കോം പോലെയുള്ള സൈറ്റുകളുടെ പേരില്‍ ഏതെങ്കിലും കമ്പനികളെ പ്രതിനിധീകരിച്ച് ആളുകളെ സമീപിക്കുകയും ജോലി ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ചിലര്‍ അതില്‍ വീണുപോവാറുമുണ്ട്.
Content Highlights: nidhi razdan says she was targeted by phishing scam, harward job, ndtv