ടെലികോം കമ്പനികള്‍ക്ക് അനുവദിച്ച പ്രവര്‍ത്തനരഹിതമായ വയര്‍ലൈന്‍ ടെലിഫോണ്‍ നമ്പറുകള്‍ ഒഴിവാക്കുന്നതിനും ആക്‌സസ് സര്‍വീസ് കോഡ് അനുവദിക്കുന്നത് കാര്യക്ഷമമാക്കുന്നതിനുമായി ടെലികോം വകുപ്പ് നടപടികള്‍ പരിഷ്‌കരിച്ചു. ഇതുവരെയുള്ള ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാവും ഇനിമുതല്‍ പുതിയ നമ്പറുകള്‍ അനുവദിക്കുക.
നേരത്തെ അനുവദിച്ച നമ്പറുകളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ടെലികോം വകുപ്പിന്റെ ലൈസന്‍സ് സ്‌പെക്ട്രം ആക്‌സസ് പ്രാദേശിക യുണിറ്റ് പരിശോധിക്കും. ഇതില്‍ അനുവദിച്ച ആക്‌സസ് കോഡ് അല്ലെങ്കില്‍ ടെലിഫോണ്‍ നമ്പറുകള്‍ 80 ശതമാനമെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പുതിയ നമ്പറുകള്‍ അനുവദിക്കുകയുള്ളൂ എന്ന് ടെലികോം മന്ത്രാലയം പറഞ്ഞു.
ജൂലായ് വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെ 116.4 കോടി ടെലിഫോണ്‍ ഉപയോക്താക്കളുണ്ട്. എന്നാല്‍ അതില്‍ രണ്ട് കോടിയില്‍ താഴെയാണ് വയര്‍ലൈന്‍ വരിക്കാരുള്ളത്. വയര്‍ലൈന്‍, ബ്രോഡ്ബാന്‍ഡ് ഉപയോഗത്തില്‍ ട്രായ് ആശങ്ക ഉന്നയിക്കുന്നുണ്ട്.
ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വ്യാപിപ്പിക്കുന്നതിനായി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യത്തെ ടെലികോം സേവനദാതാക്കളോട് ട്രായ് അഭിപ്രായം തേടിയിരുന്നു.
ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കടുതല്‍ ആശ്രയിക്കാവുന്നതും അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്നതായിട്ടും വീടുകളിലെ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണത്തില്‍ കുറവുള്ളത് എന്തുകൊണ്ടാണ് എന്നാണ് ട്രായ് കമ്പനികളോട് ചോദിക്കുന്നത്.
Content Highlights: new wireline telephone numbers allocation on basis of past utilisation