തേഞ്ഞിപ്പലം: ഒരു മിനിറ്റിൽ പന്ത്രണ്ടായിരം ലിറ്റർ വെള്ളം പമ്പ് ചെയ്യുന്ന പൈപ്പുകളിൽ എവിടെയെങ്കിലും പൊട്ടലുണ്ടായാൽ ഉടൻ പ്ലാന്റിൽ ചുവപ്പ് വെളിച്ചം തെളിഞ്ഞ് അപായ ശബ്ദം മുഴങ്ങും. ഉടൻ മോട്ടോർ ഓഫാക്കാനും അതുവഴി വൻ നാശനഷ്ടങ്ങൾ ഒഴിവാക്കാനുമാകും. വളരെക്കുറഞ്ഞ ചെലവിൽ ഈ കണ്ടുപിടിത്തം നടത്തിയത് ജല അതോറിറ്റിയുടെ ചീക്കോട് പ്ലാന്റിലുള്ള ഹെഡ് ഓപ്പറേറ്ററും ചേലേമ്പ്ര സ്വദേശിയുമായ ടി.കെ. അജിത്ത് കുമാറാണ്.

അടച്ചിടൽ കാലത്ത് തോന്നിയ ആശയം അധികൃതരുടെ അനുമതിയോടെ കഴിഞ്ഞാഴ്ച പ്രാവർത്തികമായി.

ശുദ്ധീകരണ ശാലയിലെ ആദ്യഘട്ടമായ എയ്റേറ്ററിന് ശേഷം സ്ഥാപിക്കുന്ന ഫ്ളോസ്റ്റിൽ യൂണിറ്റും സെൻസറും ഫിൽറ്റർ സ്റ്റേഷനിലെ അലാം യൂണിറ്റും ഇവ പ്രവർത്തിക്കാനുള്ള വൈദ്യുതി നൽകുന്ന പവർ യൂണിറ്റും ചേർന്നതാണ് ' ഫ്ളോ ഫെയില്വർ അലർട്ട് ' എന്ന സംവിധാനം. ജലത്തിലെ വ്യത്യാസം തിരിച്ചറിയപ്പെട്ടാൽ ഈ സംവിധാനം ഉടൻ ഓപ്പറേറ്ററെ ജാഗ്രതപ്പെടുത്തും.

അസി. എക്സിക്യൂട്ടീവ് എൻജിനീയർ. പി.ടി. അബ്ദുൾ നാസറാണ് ചീക്കോട് ശുദ്ധീകരണശാലയെ ജില്ലയിലെ മാതൃക പ്ലാന്റാക്കി മാറ്റുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകിയത്. സഹപ്രവർത്തകരായ ഓപ്പറേറ്റർ വിനോദ്, അബ്ദുറഹ്മാൻ, ബിജു എന്നിവർ പദ്ധതി നടത്തിപ്പിൽ അജിത്തിനൊപ്പം നിന്നു. സെൻസർ രൂപകല്പനക്ക് കെ.കെ. ശശീന്ദ്രൻ എന്ന സുഹൃത്തും സഹായമേകി. ഇതിനാവശ്യമായ സാധനങ്ങൾക്ക് നാലായിരത്തോളം രൂപയുടെ ചെലവേ വന്നുള്ളൂവെന്ന് അജിത്ത് കുമാർ പറഞ്ഞു.

ചീക്കോട് പദ്ധതിയുടെ തന്നെ ഓമാനൂർ പരതക്കാട്ടുള്ള ബൂസ്റ്റർ സ്റ്റേഷനിലെ പമ്പ് ഹൗസിൽ മോട്ടോർ ചേംബറിലെ ഒട്ടോമാറ്റിക് ഡീവാട്ടറിങ് സംവിധാനം ഇവർ തന്നെ എട്ട് മാസം മുമ്പ് തയ്യാറാക്കിയിരുന്നു. അടച്ചിടൽ കാലത്ത് പ്ലാന്റ് പരിസരത്ത് പച്ചക്കറികൃഷി ചെയ്തും ഇവർ പ്രശംസ നേടി.

പമ്പിങ്ങ് ലൈനുകൾ പൊട്ടിയാൽ വൻനാശം

താഴ്ന്ന നിരപ്പിലുള്ള ജലസ്രോതസ്സിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ശുദ്ധീകരണ പ്ലാന്റിലേക്ക് റോഡിനടിയിലൂടെയാകും പൈപ്പുകളുണ്ടാവുക. റോഡുകൾ തകരാനും വന്മരങ്ങൾ കടപുഴകാനും ആളുകൾക്ക് അപായമുണ്ടാകാനും പൈപ്പ് പൊട്ടലുകൾ ഇടയാക്കും. ചീക്കോട് പ്ലാന്റിന്റെ പ്രതിദിന ഉത്‌പാദന ശേഷി 41 ദശലക്ഷം ലിറ്ററാണ്. ചാലിയാറിലെ ഇരട്ടമൂഴി കടവിലെ പമ്പ് ഹൗസിൽ നിന്ന് മൂന്നടി വ്യാസമുള്ള കാസ്റ്റ് അയേൺ പൈപ്പിലൂടെയാണ് വെള്ളം പ്ലാന്റിലെത്തുന്നത്. പൈപ്പുകളുടെ കാലപ്പഴക്കം, റോഡ് വികസനം, ഭാരമേറിയ വാഹനഗതാഗതം എന്നിവയെല്ലാം പൈപ്പുകൾക്ക് ചോർച്ചയുണ്ടാക്കാം.

Content Highlights:new technology developed by water authority employee to know leakage in pumping lines