മാക്ക് കംപ്യൂട്ടറുകളുടെ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാല്‍വെയര്‍. ചീഫ് ക്വസ്റ്റ് എന്ന പേരിലുള്ള ഈ മാല്‍വെയര്‍ ടൊറന്റ് ഡൗണ്‍ലോഡിലൂടെയാണ് കംപ്യൂട്ടറില്‍ പ്രവേശിക്കുന്നത്. മാക് കംപ്യൂട്ടറുകളിലെ സുരക്ഷയ്ക്കായുള്ള ടൂള്‍ ആയ ലിറ്റില്‍ സ്‌നിച്ച് ടൊറന്റ് വഴി ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ മാല്‍വെയറും ഒപ്പം കംപ്യൂട്ടറില്‍ പ്രവേശിക്കുന്നത്. 

മാക്ക് കംപ്യൂട്ടറുകളില്‍ മറ്റ് സോഫ്റ്റ് വെയറുകള്‍ സുരക്ഷയെ ബാധിക്കും വിധം പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന വിശ്വനീയവും ഏറെ ഉപയോഗപ്രദവുമായ സോഫ്റ്റ് വെയറാണ് ലിറ്റില്‍ സ്‌നിച്ച്. 

ലിറ്റില്‍ സ്‌നിച്ചിന് 45 ഡോളറാണ് (3,360 രൂപ) വില. സ്വാഭാവികമായും ആളുകള്‍ അത് സൗജന്യമായി കിട്ടാന്‍ ആഗ്രഹിക്കും. അതുകൊണ്ടാണ് ടൊറന്റ് വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത് തീഫ് ക്വസ്റ്റ് മാല്‍വെയര്‍ പ്രയോജനപ്പെടുത്തുന്നു. 

ലിറ്റില്‍ സ്‌നിച്ച് സോഫ്റ്റ് വെയറിന്റെ ഫ്രീ ട്രയലിനെ ഫുള്‍ പെയ്ഡ് വേര്‍ഷന്‍ ആക്കി മാറ്റുന്ന ചില സാങ്കേതിക മാറ്റങ്ങളുള്‍പ്പെടുത്തിയാണ് ടൊറന്റിലെത്തുന്നത്. ഫ്രീ ട്രയല്‍ സോഫ്റ്റ് വെയറില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കൊപ്പമാണ് മാല്‍വെയറും കടത്തിവിടുന്നത്. ഇത് മാക്ക് കംപ്യൂട്ടറുകളെ തീഫ് ക്വസ്റ്റിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു.

സാധാരണ റാന്‍സംവെയറുകളെ പോലെ പ്രവര്‍ത്തിക്കാന്‍ തീഫ് ക്വസ്റ്റിന് സാധിക്കും. രേഖകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ ഉള്‍പ്പെടയുള്ള കംപ്യൂട്ടറിലെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് നിയന്ത്രണത്തിലാക്കാന്‍ അതിന് സാധിക്കും. ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈക്കലാക്കാനും ഇതിന് സാധിക്കും. 

ഇതുവഴി സൈബര്‍ കുറ്റവാളികള്‍ക്ക് പലവിധത്തില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നു. ഉപയോക്താവിന്റെ ക്രിപ്‌റ്റോ നാണയങ്ങള്‍ മോഷ്ടിക്കാനും അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യാനും അവര്‍ക്ക് സാധിക്കും. ഇത് കൂടാതെ കംപ്യൂട്ടറിലെ ഫയലുകള്‍ തിരികെ നല്‍കാന്‍ പണം ആവശ്യപ്പെടുകയും ചെയ്യാം. 

സുരക്ഷാ ഗവേഷകരുടെ പരിശോധനകളില്‍ നിന്നും രക്ഷപ്പെടാന്‍ വിവിധ വിദ്യകള്‍ പ്രയോഗിക്കാനും തീഫ് ക്വസ്റ്റിന് സാധിക്കും. കടന്നു കയറാന്‍ പോവുന്ന കംപ്യൂട്ടറുകളില്‍ ആന്റി വൈറസ് സോഫ്റ്റ് വെയറുകളുണ്ടോ എന്ന് പരിശോധിക്കാന്‍ തീഫ് ക്വസ്റ്റിന് സാധിക്കും. 

അതിനാല്‍ മാക്ക് ഉപയോക്താക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടതായുണ്ട്. മാക്ക് കംപ്യൂട്ടറുകളിലും റാന്‍സംവെയര്‍ ആക്രമണം നടക്കാം. വര്‍ഷങ്ങളായി സൈബര്‍ കുറ്റവാളികള്‍ മാക്ക് കംപ്യൂട്ടറുകളിലെ സുരക്ഷയെ മറികടക്കാനുള്ള കഠിന ശ്രമങ്ങളിലാണ്.

Content Highlights: new malware threat on mac computers, theif quest