ലണ്ടൻ: ഇംഗ്ലണ്ടില്‍ പുതിയതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ ഇനി ഇലക്ട്രിക് വാഹന ചാര്‍ജറുകളും സ്ഥാപിക്കേണ്ടിവരും. ഇത് നിര്‍ബന്ധമാക്കുന്ന നിയമം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. അടുത്തവര്‍ഷം മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. ഇതുവഴി രാജ്യത്തുടനീളം 1,45,000 ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കപ്പെടുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 

പുതിയതായി നിര്‍മിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജോലിസ്ഥലങ്ങള്‍, പുതുക്കിപ്പണിയുന്ന കെട്ടിടങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാവും. 

പൂര്‍ണമായും വൈദ്യുതി വാഹനങ്ങളിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഈ നീക്കം. 2030 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനും രാജ്യം ലക്ഷ്യമിടുന്നു. 

തിങ്കളാഴ്ച കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പുതിയ നീക്കം സംബന്ധിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തിയത്. 

പെട്രോള്‍, ഡീസല്‍ കാറുകളില്‍ ഇന്ധനം നിറയ്ക്കാനാവുന്നത് പോലെ വൈദ്യുതി വാഹനങ്ങളില്‍ റീച്ചാര്‍ജ് ചെയ്യുന്നത് പുതിയ നിയമത്തിലൂടെ എളുപ്പമാവുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലളിതമായ പണമിടപാട് സംവിധാനങ്ങളും ഇതിനായി ഏര്‍പ്പെടുത്തും. 

നിലവില്‍ 25,000 ചാര്‍ജിങ് പോയിന്റുകളാണ് ബ്രിട്ടനിലുള്ളത്. 2030 ആവുമ്പോഴേക്കും ഇതിന്റെ പത്തിരട്ടി പോയിന്റുകള്‍ വേണമെന്നാണ് രാജ്യത്തെ കോമ്പറ്റീഷന്‍ ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി പറയുന്നത്. 

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബ്രിട്ടന്‍ സമ്പൂര്‍ണമായും വൈദ്യുതി വാഹനങ്ങളിലേക്ക് മാറുക എന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്നത്. കാറുകളും, ടാക്‌സികളുമാണ് ബ്രിട്ടനിലെ കാര്‍ബണ്‍ വാതകം പുറത്തുവിടുന്നതില്‍ 16 ശതമാനവും. 

Electric car charging

സമ്പൂര്‍ണ വൈദ്യുതി വാഹനങ്ങള്‍ക്കായി നിര്‍മാണ കമ്പനികളും

മുന്‍നിര കാര്‍ നിര്‍മാതാക്കളായ ജഗ്വാര്‍, വോള്‍വോ തുടങ്ങിയവ 2025-30 ആവുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുത വാഹനങ്ങളിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്. ഫോര്‍ഡും ഇതേ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 

എന്നാല്‍ 2035 ഓടെ സീറോ എമിഷന്‍ വാഹനങ്ങള്‍ മാത്രം വില്‍ക്കുമെന്ന യുഎന്‍ ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സിലെ പ്രതിജ്ഞയില്‍ ലോകത്തിലെ വലിയ കാര്‍നിര്‍മാതാക്കളായ വോക്‌സ് വാഗന്‍, ടോയോട്ട, റെനോ, നിസാന്‍, ഹ്യൂണ്ടായ്-കിയ എന്നീ കമ്പനികള്‍ ഒപ്പിട്ടിട്ടില്ല. 

അതേസമയം യുകെയില്‍ വൈദ്യുതി കാറുകളുടെ വില്‍പന വര്‍ധിക്കുകയാണ്. 2020 ല്‍ വിറ്റഴിഞ്ഞ കാറുകളില്‍ 10 ശതമാനവും വൈദ്യുതി കാറുകളാണ്. 2018 ല്‍ 2.5 ശതമാനമായിരുന്നു ഇത്.

ആശങ്കകള്‍

സമ്പൂര്‍ണ വൈദ്യുതി വാഹനം എന്ന ആശയം നടപ്പിലാക്കുന്നതില്‍ പ്രധാന ആശങ്ക ചാര്‍ജിങ് പോയിന്റുകളുടെ അഭാവമാണ്. ചില മേഖലകള്‍ ചാര്‍ജിങ് പോയിന്റുകള്‍ ഇല്ലാത്ത ബ്ലാക്ക് സ്‌പോട്ടുകളായി മാറിയേക്കുമെന്ന് ചിലര്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. 

വീടുകളില്‍ ചാര്‍ജിങ് ചെലവ് കുറവാണെന്നിരിക്കെ, പൊതു ചാര്‍ജിങ് പോയിന്റുകളില്‍ ഒപ്പം ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യവും ജനപ്രതിനിധികള്‍ ഉയര്‍ത്തുന്നുണ്ട്. 

ചാര്‍ജിങ് പോയിന്റുകളുടെ പ്രഖ്യാപനത്തിനൊപ്പം ഗ്ലാസ്‌ഗോയിലെ ഏറ്റവും വലിയ കാറ്റാടിപാടത്ത് ഒരു പുതിയ ഹൈഡ്രജന്‍ സ്‌റ്റോറേജ് പ്രൊജക്ട് തുടങ്ങുമെന്നും ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

Content Highlights: New homes in England to have electric car chargers by law